മംഗളൂരു: പുതുവല്‍സരാഘോഷ വിപണി ലക്ഷ്യമാക്കി ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന 21.450 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടപേര്‍ പിടിയിലായി. മംഗളൂരു ശാലേമജലു സ്വദേശിയും ചൊക്കബെട്ടുവില്‍ വാടകയ്ക്ക് താമസക്കാരനുമായ പ്രദീപ് പൂജാരി (32), മംഗളൂരു ചിത്രപുരയില്‍ താമസിക്കുന്ന വസന്ത(42) എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍, പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മംഗളൂരുവില്‍ വില്‍ക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ ഡിസംബര്‍ 29 ന് ഒഡീഷയില്‍ നിന്ന് കഞ്ചാവ് വാങ്ങിയതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.
വില്‍പക്കായി ഒരു കാറില്‍ കഞ്ചാവ് സൂക്ഷിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് സൂറത്ത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ചൊക്കബെട്ടു ഗ്രാമത്തിലെ പരമേശ്വരി നഗറിലെ ‘ബെനക’ എന്ന വീടിന് സമീപം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 10,72,500 രൂപ വിലമതിക്കുന്ന 21.450 കിലോഗ്രാം കഞ്ചാവും കടത്താന്‍ ഉപയോഗിച്ച കാറും പൊലീസ് പിടികൂടി. കഞ്ചാവ് സൂക്ഷിക്കാന്‍ ഉപയോഗിച്ച മൂന്ന് ലഗേജ് ബാഗുകള്‍, കഞ്ചാവ് കഴിക്കാന്‍ ഉപയോഗിച്ച രണ്ട് സ്ട്രിപ്പുകള്‍ എന്നിവയും കാറില്‍ നിന്ന് കണ്ടെത്തി. പുതുവല്‍സരാഘോഷ ഭാഗമായി പൊലീസ് റെയ്ഡും പരിശോധനയും മംഗളൂരു നഗരത്തില്‍ നടന്നതിനാല്‍ കഞ്ചാവ് വില്‍പന നടത്താന്‍ കഴിഞ്ഞിരുന്നില്ല. കാറിനുള്ളില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. പിടിയിലായ പ്രദീപ് പൂജാരിക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
നോര്‍ത്ത് സബ് ഡിവിഷന്‍ എസിപി കെ ശ്രീകാന്തിന്റെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടത്തിയത്.







