റിയാദ്: മദീനക്ക് സമീപത്തു നടന്ന വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവരെ സാരമായ പരിക്കുകളോടെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ജി.എം.സി വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വർഷങ്ങളായി ജിദ്ദയിൽ ജോലി ചെയ്യുന്ന അബ്ദുൽ ജലീലിന്റെ കുടുംബം സന്ദർശന വിസയിലാണ് ഇവിടെയെത്തിയത്. മാതാവ് മൈമൂനത്ത് ഉംറ വിസയിലാണ് എത്തിയത്. തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.







