കുറ്റിക്കോല്‍: കള്ളന്‍ കയറിയതിന്റെ ആറാം മാസം നായ കുരച്ചു എന്ന് പറഞ്ഞു കേള്‍ക്കാറില്ലേ? എന്നാല്‍ അതു കുറ്റിക്കോലില്‍ ഫലത്തില്‍ വന്നുവെന്നു നാട്ടുകാര്‍ പറയുന്നു.
കുറ്റിക്കോല്‍ ടൗണിലെ ഒരു കടയില്‍ കഴിഞ്ഞ വര്‍ഷം അതായത് 2025 ഡിസംബര്‍ 22നു കവര്‍ച്ച നടന്നുവെന്നു കടയുടമ സി കുഞ്ഞികൃഷ്ണന്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. കൊള്ളക്കാരന്‍ കടയില്‍ നിന്നു 45000 രൂപ കൊള്ളയടിച്ചു കൊണ്ടു പോവുകയും ചെയ്തു. മറ്റൊരാള്‍ക്കു കൊടുക്കുന്നതിനു ബാങ്കില്‍ നിന്ന് എടുത്തു കൊണ്ടുവന്നു മേശയില്‍ വച്ച പണമാണെന്നും അന്നു വൈകിട്ടു മൂത്രവിസര്‍ജ്ജനത്തിനു കടയുടമ പോയി തിരിച്ചു വരുമ്പോള്‍ കടയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോവുന്നതു കണ്ടെന്നും അതിന്റെ സിസിടിവി ദൃശ്യം കിട്ടിയിട്ടുണ്ടെന്നും പൊലീസിനെ അറിയിച്ചിരുന്നുവത്രെ.
പൊലീസ് ആ പരാതിക്ക് 2026 ജനുവരി 3 വരെ അടയിരുന്നു. ജനുവരി നാലിന് ഉച്ചക്ക് രണ്ടു വണ്ടി പൊലീസ് കടയില്‍ എത്തിയെന്നു പറയുന്നു. ഡിസംബര്‍ 22ന് കിട്ടിയ പരാതിയില്‍ ജനുവരി മൂന്നിനാണ് എഫ്‌ഐആര്‍ ഇട്ടത്. ഇതിനിടക്ക് അന്വേഷണത്തിനു പറ്റിയ മന്ദതയുടെ കുറവു നികത്താനാണ് രണ്ടു വാഹനത്തില്‍ പൊലീസ് സംഘം ഇന്നുച്ചയ്ക്ക് എത്തിയതെന്നു പറയുന്നു. പൊലീസിനൊപ്പം പൊലീസ് നായയും വരുന്നുണ്ടെന്നു അറിയിച്ചിരുന്നുവത്രെ. അതേ സമയം കവര്‍ച്ച എപ്പോഴായിരുന്നുവെന്നു തീര്‍ത്തു പറയാന്‍ കടയുടമയ്ക്കു കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. 22നും 23നും ഇടക്കാണ് പണാപഹരണമെന്നു എഫ്‌ഐആറില്‍ പറയുന്നുണ്ട്. സിസിടിവിയില്‍ ദിവസവും സമയവും കണ്ടെത്താനാവുമെങ്കിലും അതിന് ആരും മുതിര്‍ന്നിട്ടില്ലെന്നും പറയുന്നുണ്ട്.
നമ്മുടെ നാട്ടില്‍ അധികൃതര്‍ക്കും പൊലീസിനും പറ്റിയ നാട്ടുകാരാകാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും സംസാരമുണ്ട്.







