കാസർകോട്: കിണറിൽ മോട്ടോർ നന്നാക്കാൻ ഇറങ്ങിയ തിരിച്ചു കയറുന്നതിനിടെ വീണ യുവാവിനെ കാസർകോട് അഗ്നിരക്ഷാസേന രക്ഷിച്ചു. ഉളിയത്തടുക്ക എസ് പി നഗറിലെ ഷിഹാബ് (45) ആണ് കിണറിൽ വീണത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. മോട്ടോർ ബ്ലോക്കായതിനെ തുടർന്നാണ് എസ് പി നഗറിലെ ഫൈസൽ ഇബ്രാഹിം എന്നയാളുടെ 18 കോൽ താഴ്ച്ചയും 3 കോൽ വെള്ളവുമുള്ള കിണറിൽ മെക്കാനിക്കായ ശിഹാബ് ഇറങ്ങിയത്. നന്നാക്കിയശേഷം തിരിച്ചു കയറുമ്പോൾ പിടിവിട്ട് താഴെ വീഴുകയായിരുന്നു. ഉടൻ വീട്ടുകാർ കാസർകോട് അഗ്നിശമനസേനയെ വിവരം അറിയിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. എം സതീശന്റെ നേതൃത്വത്തിൽ എത്തിയ സേന റെസ്ക്യൂ നെറ്റ് ഉപയോഗിച്ചു ഷിഹാബിനെ സഹസികമായി പുറത്തെത്തിക്കുകയായിരുന്നു. പരിക്കേറ്റ ശിഹാബിനെ ആശുപത്രിയിലേക്ക് മാറ്റി. കിണറിന്റെ മുകൾ ഭാഗം കോൺക്രീറ്റ് ചെയ്തിരുന്നു. ചെറിയ ഒരു ഭാഗം മാത്രമാണ് തുറന്നിട്ടുള്ളത്. ആ ഭാഗം ഇരുമ്പ് നെറ്റുപയോഗിച്ച് വെൽഡിങ് ചെയ്തത് രക്ഷപ്രവർത്തനം ദുഷ്കരമാക്കി. ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ പ്രസീദ്, അഭിലാഷ്, ഗോകുൽകൃഷ്ണൻ, ഹോം ഗാർഡ് വിജിത്, രഞ്ജിത്ത് എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.







