കാസര്‍കോട്: ആവശ്യപ്പെട്ട സാധനം നല്‍കാത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഒരുസംഘം കട തകര്‍ത്തു. സഹോദരങ്ങളെ വടികൊണ്ട് അടിച്ചുകൊലപ്പെടുത്താന്‍ ശ്രമം. സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. ശനിയാഴ്ച വൈകീട്ട് ഏഴരയോടെ മൊഗ്രാല്‍ പേരാലിലെ സിഎം സ്റ്റോഴ്‌സിലാണ് അക്രമം നടന്നത്. കടയുടമ പേരാലിലെ അബ്ദുല്‍ റഹ്‌മാ(26)നും സഹോദരനായ ബിഎം രിഫായി(19)യുമാണ് അക്രമത്തിനിരയായത്. വൈകീട്ട് അക്രമികളില്‍ ഒരാള്‍ കടയില്‍ പച്ചക്കറി വാങ്ങാനെത്തിയിരുന്നു. സാധനമില്ലാത്തതിനാല്‍ തിരിച്ചയച്ചിരുന്നു. പിന്നീട് സംഘമായി എത്തി സാധനം നല്‍കിയില്ലെന്നാരോപിച്ച് കടയുടമയുമായി തര്‍ക്കിക്കുകയും കടയിലെ സാധനങ്ങളും മറ്റും വലിച്ചെറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച റിഫായിയെയും അബ്ദുല്‍ റഹ്‌മാനെയും സംഘം കൈകൊണ്ടും വടികൊണ്ടും അടിച്ചുപരിക്കേല്‍പ്പിച്ചു. രിഫായിയെ വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയില്ലായിരുന്നെങ്കില്‍ ജീവഹാനിവരെ സംഭവിച്ചേനെയെന്ന് പരാതിയില്‍ പറയുന്നു. 25,000 രൂപയുടെ സാധനങ്ങള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തിരുന്നു. സംഭവത്തില്‍ പ്രദേശവാസികളായ സദ, പിതാവ് അപ്പുഞ്ഞി, സുധി, ശരത് എന്നിവരെ കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.







