തിരുവനന്തപുരം: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെടെ ഏഴു പേര്‍ കണിയാപുരത്ത് അറസ്റ്റില്‍. നെടുമങ്ങാട്, മണ്ണൂര്‍ക്കോണത്തെ അസീം (29), കൊല്ലം, ആയൂരിലെ അവിനാഷ് (29), തൊളിക്കോട്ടെ അജിത്ത് (30), കിഴക്കേക്കോട്ടയിലെ ഡോ. വിഘ്‌നേഷ് രത്തന്‍ (34), പാലോട്ടെ അന്‍സിയ (37), കൊട്ടാരക്കര സ്വദേശിനിയും ബിഡിഎസ് വിദ്യാര്‍ത്ഥിനിയുമായ ഹലീന (27), കൊല്ലം, ഇളമാടിയിലെ ഹരീഷ് (29) എന്നിവരാണ് ആറ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘങ്ങള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ അറസ്റ്റിലായത്. കണിയാപുരം, തോപ്പില്‍ ഭാഗത്ത് വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്നു ഇടപാട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. അറസ്റ്റിലായവരില്‍ നിന്നു നാലുഗ്രാം എംഡിഎംഎയും ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 100 ഗ്രാം സാധാരണ കഞ്ചാവും പിടികൂടി. രണ്ടു കാറുകളും രണ്ടു ബൈക്കുകളും പത്ത് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. അറസ്റ്റിലായവരെ കഠിനംകുളം പൊലീസിനു കൈമാറി.







