കണ്ണൂര്‍: മൂന്നര വയസുകാരിയായ മകളോടൊപ്പം എത്തി എംഡിഎംഎ കടത്തിയ ദമ്പതികള്‍ റിമാന്‍ഡില്‍. കണ്ണൂർ തയ്യില്‍ സ്വദേശി ഷാഹുല്‍ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ ബംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസിലെത്തിയ ഇവരുടെ പക്കൽ നിന്നും 70.66 ഗ്രാം എം ഡി എം എയാണ് പിടികൂടിയത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ദമ്പതികളെക്കുറിച്ച് ജില്ലാ പൊലീസ് ചീഫിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം പൊലീസ് വലവിരിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കണ്ണൂരിലെത്തി ബസില്‍ നിന്നിറങ്ങിയ ദമ്പതികള്‍ പ്ലാസ ജംഗ്ഷനില്‍ നിന്ന് ഒരു ഓട്ടോയില്‍ ജില്ലാ ആശുപത്രി പരിസരത്തേക്ക് എത്തി. ഇരുവരെയും തിരിച്ചറിഞ്ഞ ഡാന്‍സാഫ് അംഗങ്ങള്‍ ഓട്ടോറിക്ഷ വളഞ്ഞു. ഇവര്‍ക്കൊപ്പം മൂന്നര വയസ് പ്രായമുള്ള കുഞ്ഞും ഉണ്ടായിരുന്നു. ഇതിനാല്‍പിങ്ക് വനിതാ പൊലീസും കണ്ണൂര്‍ സിറ്റി പൊലീസും സ്ഥലത്തെത്തി. തഹസീല്‍ദാരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എംഡിഎംഎ കണ്ടെത്തിയത്. ബംഗളൂരുവിൽ താമസക്കാരായ ഇവര്‍ മറുനാടന്‍ മലയാളികളെന്ന വ്യാജേനെ മൂന്നര വയസുള്ള മകളെയും ഒപ്പം കൂട്ടിയാണ് മയക്കുമരുന്ന് കടത്തിയത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിനിയായ നജീമയുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തിയത്. നടപടികൾക്ക് ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.







