കണ്ണൂര്‍: ചൊക്ലി, കവിയൂരില്‍ വീട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന ഒറ്റനമ്പര്‍ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 5,65,000 രൂപ പിടികൂടി. ചെറിയത്ത്, താഴെ കുനിയില്‍ രമീഷ്ബാബു (40)വിന്റെ വീട്ടിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. സംഭവ സമയത്ത് രമീഷിന്റെ മാതാവ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പ്രസ്തുത സ്ത്രീയുടെ ഫോണ്‍ പൊലീസ് വാങ്ങി പരിശോധിച്ചപ്പോള്‍ ബാങ്ക് ഇടപാടിന്റെ വിവരങ്ങള്‍ ലഭിച്ചു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ മകന്റെ ഇടപാടു വിവരങ്ങളാണ് ഫോണില്‍ സൂക്ഷിച്ചതെന്നു മൊഴി നല്‍കി. തുടര്‍ന്ന് വര്‍ക്ക് ഏരിയയിലെ തട്ടിനടിയില്‍ കാണപ്പെട്ട പ്ലാസ്റ്റ് ഡ്രം പരിശോധിച്ചപ്പോഴാണ് ലക്ഷക്കണക്കിന് രൂപ കാണപ്പെട്ടത്. വിശദമായ പരിശോധനയില്‍ മേശയുടെ മുകളില്‍ നിന്നു ഒറ്റ നമ്പര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തിയ നോട്ടുബുക്കും കണ്ടെത്തി. തുടര്‍ന്ന് രമീഷ്ബാബുവിനെതിരെ ചൊക്ലി പൊലീസ് കേസെടുത്തു.







