ന്യൂഡല്‍ഹി: മാരക രോഗങ്ങള്‍ പകര്‍ത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിന് ഡല്‍ഹി ഐഐടി പുതിയ ഡിറ്റര്‍ജന്റ് വികസിപ്പിച്ചു. മഴക്കാലത്താണ് കൂടുതലായും കൊതുകുകള്‍ പെരുകുന്നത്. ഇത് മലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്തുന്നു. കൊതുക് കടിയില്‍ നിന്നും രക്ഷനേടാന്‍ പലതരത്തിലുള്ള കൊതുക് നാശിനികളും വിപണിയിലിറക്കിയെങ്കിലും അവ കാര്യമായ ഫലം ഉണ്ടാക്കാറില്ല.
എന്നാല്‍ ഇപ്പോള്‍ തുണികള്‍ കഴുകാനും കൊതുകിനെ പ്രതിരോധിക്കാനും ശേഷിയുള്ള ഒരു ഡിറ്റര്‍ജന്റ് വികസിപ്പിച്ചിരിക്കുകയാണ് ഐഐടി ഡല്‍ഹി. പൗഡര്‍ രൂപത്തിലും ദ്രാവകരൂപത്തിലുമുള്ള ‘സോപ്പാണ്’ വികസിപ്പിച്ചിരിക്കുന്നത്. ഡിറ്റര്‍ജന്റ് കൊണ്ട് കഴുകിയ തുണി കയ്യില്‍ കെട്ടിയ ശേഷം കൊതുകുകളെ അടച്ചിട്ട പെട്ടിയിലേക്ക് കടത്തുന്ന ‘ഹാന്‍ഡ്-ഇന്‍-കേജ്’ രീതിയിലാണ് പരീക്ഷണം നടത്തിയതെന്ന് ഐഐടിയിലെ ടെക്‌സ്‌റ്റൈല്‍ ആന്‍ഡ് ഫൈബര്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി പ്രൊഫ.ജാവേദ് നബിബക്ഷ ഷെയ്ഖ് പറഞ്ഞു.
ഡിറ്റര്‍ജന്റില്‍ അടങ്ങിയ ഘടകങ്ങള്‍ കൊതുകുകള്‍ക്ക് ഗന്ധത്തിലൂടെയും രുചിയിലൂടെയും തിരിച്ചറിയാന്‍ കഴിയുമെന്നും അത് തിരിച്ചറിഞ്ഞാല്‍ പിന്നെ കൊതുക് തുണിയില്‍ നിന്ന് അകന്ന് പോകുമെന്നും പ്രൊഫസര്‍ പറഞ്ഞു. ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ഇടയ്ക്കിടെ തുണി അലക്കുന്നതിനാല്‍ പ്രതിരോധശേഷി നിലനില്‍ക്കുകയും ചെയ്യും. ആവര്‍ത്തിച്ചുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷം കൊതുകുകളെ പൂര്‍ണ്ണമായും അകറ്റി നര്‍ത്താന്‍ കഴിയുമെന്ന് കണ്ടെത്തി. ഡിറ്റര്‍ജന്റിന്റെ പേറ്റന്റിനായി അപേക്ഷ നല്‍കിയതായും വാണിജ്യാടിസ്ഥാനത്തില്‍ അത് ഉടന്‍ പുറത്തിറങ്ങുമെന്നും ഗവേഷകര്‍ അറിയിച്ചു.
കൊതുകുകള്‍ വസ്ത്രങ്ങളില്‍ പറ്റിപ്പിടിക്കുന്നതിനാലാണ് ഇത്തരമൊരു വിദ്യ വികസിപ്പിക്കാന്‍ കാരണമെന്നും ഗവേഷകര്‍ വ്യക്തമാക്കി. ഈ ഡിറ്റര്‍ജന്റ് ആളുകള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ അത് കൊതുകുകള്‍ക്കെതിരായ ഒരു അപ്രതീക്ഷിത ആയുധമാക്കി മാറ്റാമെന്നും ഗവേഷകര്‍ പറയുന്നു.







