കാസര്‍കോട്: മദ്യലഹരിയില്‍ കാഞ്ഞങ്ങാട്ട് മധ്യവയസ്‌കന്റെ പരാക്രമം. പൊലീസ് നല്‍കിയ നോട്ടീസ് കീറി കളഞ്ഞ ശേഷം എസ്.ഐയെ കയ്യേറ്റം ചെയ്തു. അക്രമി ബല്ല മരുതോടന്‍ ഹൗസിലെ എം ചന്ദ്ര(53)നെ ബലപ്രയോഗത്തിലൂടെ പൊലീസ് കീഴ്‌പ്പെടുത്തി. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവത്തിന് തുടക്കം. ഹൊസ്ദുര്‍ഗ് എസ് ഐ സിപി ജിജേഷിന്റെ നേതൃത്വത്തില്‍ അലാമിപ്പള്ളിയില്‍ വാഹന പരിശോധന നടന്നിരുന്നു. അതിനിടെ അമിത വേഗതയിലെത്തിയ സ്‌കൂട്ടറിനെ പൊലീസ് സംഘം കൈകാട്ടി തടഞ്ഞു നിര്‍ത്തി. സ്‌കൂട്ടര്‍ യാത്രികനില്‍ മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനാല്‍ ആള്‍ക്കോമീറ്റര്‍ ഉപയോഗിച്ച് ഊതിച്ച് പരിശോധന നടത്തി. മദ്യപിച്ചെന്ന് വ്യക്തമായതോടെ നോട്ടീസില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒപ്പിടാതെ ചന്ദ്രന്‍ നോട്ടീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് കീറിക്കളയുകയായിരുന്നു. തടയാന്‍ ശ്രമിച്ച എസ്.ഐ ജിജേഷിനെ ആക്രമിച്ചു. എസ്‌ഐ ധരിച്ച യൂനിഫോമിന്റെ കോളറില്‍ പിടിച്ച് വലിച്ച് ലൈന്‍യാഡ് പൊട്ടിക്കാന്‍ ശ്രമവും നടത്തി. പിന്നീട് എസ്.ഐയുടെ കൈ പിടിച്ച് തിരിച്ചു ശേഷം മാന്തി മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ രാജിഷിനെ തള്ളിയിടാനും ശ്രമിച്ചു. ഒടുവില്‍ കൂടുതല്‍ പൊലീസുകാരെത്തിയാണ് അക്രമിയെ ബലം പ്രയോഗിച്ചുകീഴ്‌പ്പെടുത്തി സ്‌റ്റേഷനിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ശേഷം നോട്ടീസ് നല്‍കി ബന്ധുവിനൊപ്പം വിട്ടയച്ചുവെന്ന് പൊലീസ് പറഞ്ഞു. അക്രമിക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും എസ്‌ഐ അക്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനും ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.







