കാസര്‍കോട്: ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഡിവിഷന്‍ യുഡിഎഫ് അംഗത്തിന് വോട്ട് ചെയ്യാനായില്ല. 10.30 ന് വോട്ട് ചെയ്യാന്‍ മെമ്പര്‍മാര്‍ ഹാളിലെത്തണമെന്നാണ് ചട്ടം. വോട്ടെടുപ്പ് നടക്കുമ്പോള്‍ 4 മിനുട്ട് വൈകിയതിനാലാണ് മഞ്ചേശ്വരം ഡിവിഷന്‍ അംഗം ഇര്‍ഫാന ഇഖ്ബാലിന് വോട്ടുചെയ്യാന്‍ സാധിക്കാതെ വന്നത്. ഇര്‍ഫാനയെ വരണാധികാരി വോട്ടെടുപ്പ് നടക്കുന്ന മുറിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. എല്‍ഡിഎഫിന്റെ 9 അംഗങ്ങളും യുഡിഎഫിന്റെ ഏഴു അംഗങ്ങളും ബിജെപിയുടെ ഒരംഗവും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ പങ്കെടുത്തെങ്കിലും ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. എല്‍ഡിഎഫിലെ സാബു എബ്രഹാമിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.
വൈകി എത്തിയതിനെ തുടര്‍ന്ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മെമ്പര്‍ക്കും വോട്ട് ചെയ്യാനായില്ല. ചെറുവത്തൂര്‍ രണ്ടാം ഡിവിഷന്‍ യുഡിഎഫ് മെമ്പറായ മുസ്ലിം ലീഗിലെ മുഹമ്മദലിക്കാണ് വോട്ട് നഷ്ടപ്പെട്ടത്. മുഹമ്മദലി എത്തിയത് 10.40 നായിരുന്നു. അതിനാല്‍ റിട്ടേണിംഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. എട്ടുവോട്ടുകളോടെ എല്‍ഡിഎഫിലെ സിഎം മീനാകുമാരിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു.







