കാസര്‍കോട്: ട്രയിനിറങ്ങി എളുപ്പത്തില്‍ പ്ലാറ്റ്‌ഫോമില്‍ കയറുന്നതിനു പാളം മുറിച്ചു കടക്കുകയായിരുന്ന യുവാവ് ആ പാളത്തിലൂടെ വന്ന ഗുഡ്‌സ് ട്രയിന്‍ ഇടിച്ചുമരിച്ചു. വെളളിയാഴ്ച ഉച്ചക്കു കാസര്‍കോട് റയില്‍വെ സ്‌റ്റേഷനിലാണ് ദാരുണ സംഭവം. അപകടത്തിനു ശേഷം ഓടിച്ചു പോയ ഗുഡ്‌സ് ട്രയിന്‍ കുമ്പള സ്റ്റേഷനില്‍ നിറുത്തിച്ചു നടത്തിയ പരിശോധനയിലാണ് ട്രയിനടിയില്‍ കുടുങ്ങിയ മരിച്ച ആളിന്റെ കാല്‍ കണ്ടെത്തിയത്. തല പൂര്‍ണ്ണമായി തകര്‍ന്നിരുന്നെന്നു പറയുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തിച്ചു.
മൃതദേഹത്തില്‍ ഉണ്ടായിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നു ലഭിച്ച ആധാറില്‍ മരിച്ചയാള്‍ കര്‍ണ്ണാടക കുടക് സ്വദേശി രാജേഷ് (35)യാണെന്നു കണ്ടെത്തിയിട്ടുണ്ട്. അപകടവിവരം റെയില്‍വെ അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. റെയില്‍വെ പൊലീസ്, ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവര്‍ അപകടവിവരമറിഞ്ഞു സ്ഥലത്തെത്തിയിരുന്നു. കര്‍ണ്ണാടക കുടക് ഗോണിമാഗൂര്‍ സോമാവരപുരയിലെ ചെന്നയ്യ ബാണവാരയാണ് പിതാവെന്ന് ആധാര്‍കാര്‍ഡില്‍ വ്യക്തമായിട്ടുണ്ട്.







