കാസര്‍കോട്: കേരള ഫോക്‌ലോര്‍ അക്കാദമി 2023ലെ വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കാസര്‍കോട് ജില്ലയില്‍ നിന്നു വിജയന്‍ പെരിയ മീങ്ങുന്നോനും മടിക്കൈ, ചാളക്കടവിലെ പി കുഞ്ഞികൃഷ്ണനും അവാര്‍ഡിനു അര്‍ഹരായി.
വിജയന്‍ പെരിയ മീങ്ങുന്നോന്‍ അറുപതു വര്‍ഷത്തിലധികമായി തെയ്യം അനുഷ്ഠാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ദീര്‍ഘകാല സപര്യ പരിഗണിച്ചാണ് അവാര്‍ഡ്. പതിനഞ്ചാമത്തെ വയസില്‍ ആയമ്പാറ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍ നിന്നു പട്ടും വളയും വാങ്ങിയാണ് പണിക്കര്‍ പദവി സ്വീകരിച്ചത്. വിവിധ കാവുകളിലും ക്ഷേത്രങ്ങളിലുമായി 3000ല്‍പരം തെയ്യക്കോലങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. പെരിയ, കുണ്ടാര്‍ സ്വദേശിയായ വിജയന്‍ മീങ്ങുന്നോന് 2013ല്‍ ഗുരുപൂജ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. 30 വര്‍ഷത്തിലധികമായി അലാമിക്കളി രംഗത്തെ പ്രവര്‍ത്തനം പരിഗണിച്ചാണ് ചാളക്കടവിലെ പി കുഞ്ഞികൃഷ്ണനെ പുരസ്‌ക്കാരത്തിനു തെരഞ്ഞെടുത്തത്. കേരളത്തിനു അകത്തും പുറത്തുമായി നിരവധി വേദികളില്‍ അലാമിക്കളി അവതരിപ്പിച്ചിട്ടുണ്ട്. അന്യം നിന്നു കൊണ്ടിരിക്കുന്ന നാടന്‍ കലാരൂപങ്ങള്‍ വീണ്ടെടുക്കാനും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് കുഞ്ഞികൃഷ്ണനെ അവാര്‍ഡിനായി പരിഗണിച്ചത്.







