തുർക്കിയിൽ വിമാന അപകടം; ലിബിയൻ സൈനിക മേധാവി മരിച്ചു

അങ്കറ: തുർക്കിയിൽ വിമാനാപകടത്തിൽ ലിബിയൻ സൈനിക മേധാവി ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. തുർക്കി സന്ദർശനത്തിനെത്തിയ ലിബിയൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി അൽ ഹദ്ദാദാണ് കൊല്ലപ്പെട്ടത്. തുർക്കി സന്ദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. അങ്കറയിലെ എസൻബോഗ വിമാനത്താവളത്തിൽനിന്ന് ഇന്നലെ രാത്രി 8.10ന് പറന്നുയർന്ന് അരമണിക്കൂറിനകം ഹൈമാന മേഖലയിൽ വിമാനം തകർന്നു വീഴുകയായിരുന്നു. തുർക്കിയും ലിബിയയും തമ്മിലുള്ള പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഉന്നതതല ചർച്ചയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഹദ്ദാദും സംഘവും. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൽ ഹമീദ് ദബൈബ പ്രസ്താവനയിൽ അറിയിച്ചു. ഹദ്ദാദിന്റെ വിയോഗം രാജ്യത്തിന് വലിയ നഷ്ടമാണെന്നും ദബൈബ പറഞ്ഞു. ‌ ഭിന്നിച്ചു നിൽക്കുന്ന ലിബിയൻ സൈന്യത്തെ ഒന്നിപ്പിക്കാൻ യുഎന്നിന്റെ മധ്യസ്ഥതയിൽ നടക്കുന്ന ശ്രമങ്ങളിൽ ഹദ്ദാദ് നിർണായക പങ്കു വഹിച്ചിരുന്നു.വിമാനത്തിന് വൈദ്യുത തകരാർ സംഭവിച്ചതിനെത്തുടർന്ന് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടതായി തുർക്കി അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് കരുതുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page