പാലക്കാട്: വാളയാര്‍ ആള്‍ക്കൂട്ടക്കൊലപാതക കേസില്‍ കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. മര്‍ദനസമയത്ത് ഇവരും സ്ഥലത്ത് ഉണ്ടായിരുന്നതായി തിരിച്ചറിഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ട ചിലര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായും പൊലീസ് പറയുന്നു. വാളയാര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ പിടിയിലായ പ്രതികളില്‍ നാലുപേര്‍ ബിജെപി അനുഭാവികളാണെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. കേസിലെ നാലാം പ്രതി സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
നേരത്തെ കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായിരുന്നു. ഇതിന് പുറമെയാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട ഛത്തീസ് ഗഡ് സ്വദേശി റാം നാരായണന്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ആളായിട്ടും എസ്‌സി-എസ്ടി വകുപ്പും ആള്‍ക്കൂട്ട കൊലപാതകം സംബന്ധിച്ച വകുപ്പുകളും ചേര്‍ത്തിട്ടില്ലെന്നും ആരോപണമുണ്ട്. മരിച്ചയാളുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും യാത്രചിലവും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. റാം നാരായണന്റെ കുടുംബവും മൃതദേഹത്തിനൊപ്പം നാട്ടിലേക്ക് പോകുന്നുണ്ട്.







