ധാക്ക: ബംഗ്ലാദേശില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായ ദിപുചന്ദ്ര ദാസിന്റെ സഹോദരന്‍ അപുദാസ് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. കൊലപാതകം കുടുംബത്തെ തകര്‍ക്കുകയും ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു.
കുടുംബം ഇനി ബംഗ്ലാദേശില്‍ സുരക്ഷിതരല്ലെന്നും പിന്തുണ നല്‍കിയാല്‍ രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെന്നും അപുദാസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് ദൈവനിന്ദ ആരോപിച്ച് 25 കാരനായ ദിപുചന്ദ്രദാസിനെ ജനക്കൂട്ടം മൈമെന്‍സിങ് നഗരത്തില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ജോലി ചെയ്തിരുന്ന ഫാക്ടറിക്ക് പുറത്തുവച്ച് ആക്രമിച്ച ശേഷം ഒരു മരത്തില്‍ കെട്ടിത്തൂക്കി. പിന്നീട് അക്രമികള്‍ അദ്ദേഹത്തിന്റെ മൃതദേഹം ധാക്ക-മൈമെന്‍സിങ് ഹൈവേയില്‍ ഉപേക്ഷിച്ച് തീയിട്ടു. ഇതോടെ ഗതാഗതം സ്തംഭിച്ചു.
ദിപുചന്ദ്രദാസിന്റെ കൊലപാതകം ബംഗ്ലാദേശില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെ തുറന്നുകാട്ടുന്ന സംഭവമായിരുന്നു ഇത്. അതേസമയം ദീപുവിനെതിരെ ഉയര്‍ന്ന ദൈവനിന്ദ ആരോപണം നിരസിച്ച അപു തന്റെ നിരപരാധിത്വം സഹോദരന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നുവെന്നും അദ്ദേഹം ആരെയും അപമാനിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയിലാണ് ഫാക്ടറി തൊഴിലാളിയായ ദീപു ദാസ് കൊല്ലപ്പെട്ടത്. മൃതദേഹം കത്തിച്ചതിനു ശേഷം ജനക്കൂട്ടം പൊതുജനങ്ങളെ അക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ദീപുവിന്റെ മരണത്തില്‍ ഇന്ത്യ ഔദ്യോഗികമായി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.







