കാസര്‍കോട്: ബോംബെ എന്ന സിനിമയിലൂടെ മലയാളിക്ക് പരിചിതയായ ബോളിവുഡ് താരം മനീഷ കൊയ്‌രാള തെയ്യം കാണാനെത്തി. ഉദുമ ആറാട്ടുകടവ് കണ്ണംകുളം രക്തേശ്വരി ക്ഷേത്രത്തിലെ കളിയാട്ടം കാണാനാണ് താരം എത്തിയത്. മനീഷയുടെ മാതാവ് സുഷമ കൊയ്‌രാളക്കൊപ്പമാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. രക്തേശ്വരിയുടെയും വിഷ്ണുമൂര്‍ത്തിയുടെയും കോലങ്ങള്‍ അരങ്ങിലെത്തിയപ്പോള്‍ അതു മനംകുളിര്‍ക്കെ കണ്ട് അനുഗ്രഹവും വാങ്ങി നിര്‍വൃതിയോടെയാണ് താരം മടങ്ങിയത്. ബോംബെ സിനിമയുടെയും ബിആര്‍ഡിസിയുടെയും 30-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് മനീഷയും കുടുംബവും ബേക്കലിലെത്തിയത്. ബിആര്‍ഡിസി അധികൃതര്‍ തെയ്യങ്ങളെക്കുറിച്ച് വിവരിച്ചതോടെയാണ് നടിക്ക് തെയ്യം കാണാന്‍ താല്‍പര്യമുണ്ടായത്.
ഭരണസമിതി പ്രസിഡന്റ് കെ.സുകുമാരന്‍, സെക്രട്ടറി ടി.വി. നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടിയെയും കുടുംബത്തെയും സ്വീകരിച്ചു.







