കണ്ണൂര്‍: കടബാധ്യത ഒഴിവാക്കാൻ സമ്മാനക്കൂപ്പണുകൾ അച്ചടിച്ച് വിൽപ്പന നടത്തിയ മുൻ പ്രവാസി അറസ്റ്റിൽ. അടയ്ക്കാത്തോട് കാട്ടുപാലത്ത് ബെന്നി തോമസി(67) നെയാണ് ലോട്ടറി വകുപ്പിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത് കോടതി ഇയാളെ തലശ്ശേരി സബ്‌ജയിലിൽ റിമാൻഡ് ചെയ്തു. 1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി വീടും, സ്ഥലവും, കാറും, ബൈക്കുമെല്ലാം വാഗ്ദാനം ചെയ്തായിരുന്നു ബെന്നിയുടെ കൂപ്പണ്‍ പദ്ധതി. വീടിന്റെ ജപ്തി ഒഴിവാക്കാനും ഭാര്യയുടെ കാൻസർ ചികിത്സയ്ക്കും പണം കണ്ടെത്താനാണ് 3300 ചതുരശ്രയടി വിസ്തൃതിയുള്ള തന്റെ വീട് ഒന്നാംസമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ അടിച്ച് വിൽപന നടത്തിയതെന്ന് ബെന്നി പറയുന്നു. പ്രോത്സാഹനസമ്മാനങ്ങൾ കൂടി പ്രഖ്യാപിച്ച് സാമൂഹികമാധ്യമങ്ങളിൽ പരസ്യം നൽകിയാണ് വിൽപ്പന നടത്തിയിരുന്നത്. കൂപ്പൺ വിറ്റ് നറുക്കെടുപ്പിനുള്ള തിയതിയും പ്രഖ്യാപിച്ചപ്പോഴാണ് ലോട്ടറി വകുപ്പിന്റെ പരാതി എത്തിയത്. പിന്നാലെ കേസും അറസ്റ്റും. കേളകം പൊലീസ് ബെന്നിയുടെ വീട്ടിൽ നിന്നും കൂപ്പണുകളും കൗണ്ടർ ഫോയിലുകളും പിടിച്ചെടുത്തു. സൗദിയിൽ ജോലി ചെയ്യുകയായിരുന്ന ബെന്നി തോമസ് 2006 ൽ സ്പോൺസറുടെ സഹായത്തോടെ സ്പെയർ പാർട്സ് കട തുടങ്ങിയിരുന്നു. സ്പോൺസറുടെ മകനെ മറ്റൊരു കേസിൽ പൊലീസ് പിടികൂടിയതോടെ കട പൂട്ടേണ്ടി വന്നു. വീട് പണയപ്പെടുത്തി 55 ലക്ഷം രൂപ വായ്പയായി എടുത്തായിരുന്നു സ്ഥാപനം തുടങ്ങിയത്. കട പൂട്ടിയതോടെ ബെന്നി സാമ്പത്തിക പ്രതിസന്ധിയിലായി. ഭാര്യക്ക് ക്യാൻസർ സ്ഥിരീകരിക്കുകയും ചെയ്തതോടെ കടുത്ത പ്രതിസന്ധിയായി. കടങ്ങളിൽ നിന്ന് കരകയറാനാണ് വീട് വില്പനക്ക് ശ്രമിച്ചത്. ആരും വാങ്ങാൻ തയ്യാറായില്ല. തുടർന്നാണ് കൂപ്പൺ അടിച്ചു വീട് വിൽക്കാൻ തീരുമാനിച്ചത്. കൂപ്പൺ വിതരണം തുടങ്ങിയപ്പോൾ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയെന്നും നറുക്കെടുപ്പുമായി മുന്നോട്ടു പോകുന്നതിൽ തടസ്സമില്ലെന്നും പറഞ്ഞിരുന്നുവെന്നാണ് ബെന്നിയുടെ വാദം. എന്നാൽ ലോട്ടറി വകുപ്പ് ഇടപെട്ടതോടെ പൊലീസ് നടപടിയെടുക്കുകയായിരുന്നു.







