കാസര്‍കോട്: ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ യുഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെ ചൊല്ലി അവ്യക്തത തുടരുന്നു. പെരിയ ടൗണ്‍ വാര്‍ഡില്‍ നിന്നു വിജയിച്ച ഉഷ എന്‍ നായര്‍ക്കും കൂടാനം വാര്‍ഡില്‍ നിന്നു വിജയിച്ച കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് പ്രസിഡണ്ടായിരുന്ന കാര്‍ത്യായനിക്കും വേണ്ടി രണ്ടു വിഭാഗങ്ങള്‍ ശക്തമായി രംഗത്തിറങ്ങിയതോടെയാണ് വിഷയത്തില്‍ ഡിസിസി ഇടപെട്ടത്. എംസി പ്രഭാകരന്‍, പിവി സുരേഷ്‌കുമാര്‍ എന്നിവരെയാണ് സമിതി അംഗങ്ങളായി ചുമതലപ്പെടുത്തിയത്. ഇരുവരും ബുധനാഴ്ച പെരിയയില്‍ എത്തി ഉഷ എന്‍ നായരെയും കാര്‍ത്യായനിയെയും വിവിധ നേതാക്കളെയും കാണുമെന്നാണ് സൂചന.
അതേസമയം ഉഷ എന്‍ നായര്‍ കടുത്ത നിലപാടിലാണെന്നാണ് സൂചന. വിജയിച്ചാല്‍ പഞ്ചായത്ത് പ്രസിഡണ്ടാക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥി ആയതെന്നും ഇല്ലെങ്കില്‍ രാജി വെയ്ക്കുമെന്നും പ്രാദേശിക നേതാക്കളെ ഇവര്‍ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. കാര്‍ത്യായനിയും കടുത്ത നിലപാടിലാണെന്നു പറയുന്നു.
19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ഇരു മുന്നണികള്‍ക്കും ഒന്‍പതു വീതം സീറ്റുകളാണ്. ഒരു സീറ്റ് ബിജെപിക്കാണ്. ബിജെപി ഏതെങ്കിലും ഒരു മുന്നണിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നറുക്കെടുപ്പിലൂടെ ആയിരിക്കും പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുക.







