കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍. ഇത്തവണ പരോള്‍ അനുവദിച്ചത് മുഹമ്മദ് ഷാഫിക്കും ഷിനോജിനുമാണ്. ടി.പി വധക്കേസിലെ അഞ്ചാം പ്രതിയാണ് ഷാഫി. ചൊക്ലി പറമ്പത്ത് വീട്ടില്‍ കെ.കെ.മുഹമ്മദ് ഷാഫിക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ടിപി കേസിലെ പ്രതികള്‍ക്ക് തുടരെ പരോള്‍ അനുവദിക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വീണ്ടും പരോള്‍ അനുവദിക്കുന്നത്.
എന്നാല്‍ വര്‍ഷാവസാനം നല്‍കുന്ന സ്വാഭാവിക പരോള്‍ മാത്രമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. 15 ദിവസത്തെ പരോളാണ് പ്രതികള്‍ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസിലെ നാലാമത്തെ പ്രതിയായ ടി കെ രജീഷിന് 20 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. മൂന്നുമാസത്തിനിടെ രണ്ടാം തവണയാണ് രജീഷിന് പരോള്‍ ലഭിക്കുന്നത്.
ഒരു മാസം ജയിലില്‍ കിടക്കുന്നവര്‍ക്ക് അഞ്ച് ദിവസത്തെ പരോളുണ്ട്. അതുപോലെ ഒരു വര്‍ഷം ജയിലില്‍ കഴിയുന്നവര്‍ക്ക് 60 ദിവസം ലഭിക്കും. ഇത് അനുവദിക്കേണ്ടത് ജയില്‍ ചട്ടമാണ്. തെരഞ്ഞെടുപ്പ് സമയമായതിനാല്‍ കഴിഞ്ഞ ഒന്ന് രണ്ട് മാസങ്ങളിലായി ആര്‍ക്കും പരോള്‍ നല്‍കിയിരുന്നില്ല. ഈ മാസം 31ആകുമ്പോഴേയ്ക്കും സമയം അവസാനിക്കുന്നതിനാല്‍ ആവശ്യപ്പെട്ടത് പ്രകാരം പരമാവധി ആളുകള്‍ക്ക് പരോള്‍ അനുവദിക്കുകയാണെന്നാണ് ജയില്‍ വകുപ്പിന്റെ വിശദീകരണം.







