റാന്നി: നാടിനെ ഭീതിയിലാഴ്ത്തിയ കടുവ രണ്ടുമാസത്തിനുശേഷം വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. തിങ്കളാഴ്ച രാവിലെയാണ് കടുവയെ കൂടിനകത്ത് കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആടിന്റെ മാംസം തിന്നാനെത്തിയപ്പോഴാണ് കടുവ കുടുങ്ങിയത്. ഇതോടെ കടുവാ ഭീതിയില്‍ കഴിഞ്ഞ റാന്നി വടശ്ശേരിക്കര കുമ്പളത്താമണ്ണുകാര്‍ ആശ്വാസത്തിലായി.
ഒരു കണ്ണിന് കാഴ്ച കുറവുള്ള കടുവ അവശനിലയിലാണ്. വനാതിര്‍ത്തിയില്‍ ഒരു മാസം മുന്‍പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. കഴിഞ്ഞദിവസം മേയാന്‍ വിട്ടിരുന്ന ആടിനെ കടുവ പിടികൂടിയിരുന്നു. കൂടിന് സമീപത്തു നിന്ന് കണ്ടെത്തിയ ഈ ആടിന്റെ ജഡം കൂട്ടില്‍ വച്ചതോടെ ഇത് ഭക്ഷിക്കാനെത്തിയ കടുവ കൂട്ടില്‍ കുടുങ്ങുകയായിരുന്നു. പിടികൂടിയ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണ്. ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ഇതിനെ സുരക്ഷിതമായ മറ്റ് വനമേഖലകളിലേക്ക് മാറ്റാനാണ് സാധ്യത. കടുവയെ പിടികൂടിയെങ്കിലും മറ്റ് വന്യജീവികളുടെ ശല്യം തടയാന്‍ ശാശ്വത പരിഹാരം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ മാസം 9ന് കുമ്പളത്താമണ്ണിലെ വീടിന് സമീപത്ത് കണ്ട കടുവ ഒരു വളര്‍ത്തു നായയെ പിടികൂടിയിരുന്നു. പിന്നീട് അതിന്റെ ജഡം പകുതി ഭക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഒക്ടോബറില്‍ ജനവാസമേഖലയിലെ പാടത്ത് മേയാന്‍ വിട്ട പോത്തിനെയും കടുവ പിടിച്ചിരുന്നു.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും കാര്യമായ ഇടപെടല്‍ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാരും വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമും തമ്മില്‍ കഴിഞ്ഞ ദിവസം നേരിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. പ്രദേശത്ത് ആന, കടുവ, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.







