പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട രാമനാരായണന്റെ ബന്ധുക്കളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വിജയകരം. മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവുമാണ് ചര്‍ച്ച നടത്തിയത്. 10 ലക്ഷം രൂപയില്‍ കുറയാത്ത തുക നഷ്ടപരിഹാരം നല്‍കാമെന്ന് ബന്ധുക്കള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്ഗഡിലേക്ക് സര്‍ക്കാര്‍ ചെലവില്‍ എത്തിക്കും. രാമനാരായണന്റെ ബന്ധുക്കളെയും വിമാനമാര്‍ഗം നാട്ടിലെത്തിക്കും. കേസില്‍ ആള്‍ക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.
നേരത്തെ തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി മൃതദേഹം കണ്ട കുടുംബാംഗങ്ങള്‍ റാം നാരായണ്‍ ബഗേലിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചിരുന്നു. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരം കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തിയത്.
വാളയാര്‍ അട്ടപ്പളത്ത് ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് ആള്‍ക്കൂട്ട മര്‍ദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണനെ മര്‍ദിച്ചത്. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണന്‍ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി.
പ്രദേശവസികള്‍ സംഘം ചേര്‍ന്ന് രാംനാരായണനെ തടഞ്ഞുവെക്കുകയും കള്ളനെന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. പുറം മുഴുവന്‍ വടി കൊണ്ടടിച്ച പാടുകളുണ്ടായിരുന്നു. കഴുത്തിനും കൈയ്ക്കും ഇടുപ്പിനും പരിക്കുണ്ട്. അവശനിലയിലായ രാമനാരായണനെ പൊലീസ് എത്തി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.







