തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കും നോട്ടീസയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. നടുറോഡില്‍ കെഎസ് ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ഇരുവരെയും ഒഴിവാക്കിയുള്ള കുറ്റപത്രത്തിനെതിരായ ഹര്‍ജിയിലാണ് കോടതി നടപടി. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലാണ് നോട്ടീസയച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തിരുവനന്തപുരത്ത് നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യാ രാജേന്ദ്രനെയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവിനെയും ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മേയറുടെ സഹോദരനെതിരെ പെറ്റികേസ് മാത്രം ചുമത്തിയായിരുന്നു കുറ്റപത്രം. അതേ സമയം മേയര്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് ബസ് ഡ്രൈവര്‍ യദുവിനെതിരെ ഉടന്‍ കുറ്റപത്രം നല്‍കുമെന്നും അറിയിച്ചിരുന്നു. 2024 ഏപ്രില്‍ മാസത്തില്‍ പാളയത്ത് വെച്ച് തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡില്‍ വാക്കേറ്റമുണ്ടാക്കിയിരുന്നു. പ്ലാമൂട് വെച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും ആരോപിച്ച് മേയറും ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ജോലി തടസ്സപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും മേയര്‍ക്കും എംഎല്‍എക്കുമെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു പരാതി നല്‍കിയിട്ടും ആദ്യം പൊലീസ് കേസെടുത്തില്ല. പിന്നീട് കോടതി നിര്‍ദ്ദേശ പ്രകാരമെടുത്ത കേസില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എംഎല്‍എ, ആര്യയുടെ സഹോദരന്‍ അരവിന്ദ്, സഹോദരന്റെ ഭാര്യ എന്നിവര്‍ പ്രതിയായിരുന്നു.







