കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിന് രക്ഷകരായെത്തി മൂന്ന് ഡോക്ടര്‍മാര്‍. ബൈക്കപകടത്തില്‍ പരിക്കേറ്റ് ശ്വാസമെടുക്കാന്‍ പോലും കഴിയാതെ ജീവന് വേണ്ടി പിടഞ്ഞിരുന്ന കൊല്ലം സ്വദേശി ലിനുവിനാണ് ഡോക്ടര്‍മാര്‍ രക്ഷകരായത്.
ഞായറാഴ്ച രാത്രി ഉദയംപേരൂര്‍ വലിയകുളത്തിനു സമീപമാണ് അപകടം. ലിനു സഞ്ചരിച്ച സ്‌കൂട്ടറും മുളന്തുരുത്തി ചെങ്ങോലപ്പാടം സ്വദേശി വിപിന്‍, വേഴപ്പറമ്പ് സ്വദേശി മനു എന്നിവര്‍ സഞ്ചരിച്ച ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകട സമയത്ത് അതുവഴി പോവുകയായിരുന്ന കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് ശസ്ത്രക്രിയ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി മനൂപും അപകടം കണ്ട് വാഹനം നിര്‍ത്തിയിറങ്ങിയ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ തോമസും ചേര്‍ന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഇവര്‍ക്ക് സഹായത്തിനായി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.
നടുറോഡിലെ വെളിച്ചത്തില്‍ നാട്ടുകാര്‍ സംഘടിപ്പിച്ചു നല്‍കിയ ബ്ലേഡ് കൊണ്ട് ഡോ.മനൂപ് ലിനുവിന്റെ കഴുത്തില്‍ ഒരു മുറിവുണ്ടാക്കി. ശ്വാസനാളത്തിലേക്ക് ശീതളപാനീയത്തിന്റെ സ്ട്രോ കടത്തിവിട്ട് ശ്വാസഗതി തിരിച്ചു പിടിച്ചു. ഡോ. തോമസ് പീറ്ററും ഡോ. ദിദിയ കെ തോമസും സഹായിക്കാന്‍ ഒപ്പംനിന്നു. ഇതിനിടെ ആംബുലന്‍സിനെ വിളിച്ചുവരുത്തി. ആംബുലന്‍സില്‍ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കും വരെ ഡോ.മനൂപ് യുവാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. ലിനുവിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.







