കൊച്ചി: ദുബൈയിൽ നിന്ന് കഴിഞ്ഞദിവസം പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ കാസർകോട് കിഴക്കേക്കര തവക്കൽ മൻസിലിലെ മുഹമ്മദ് ഷാഫിയെ (40) യെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി ഹാൻഡ് ബാഗും ഐ ഫോണും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും തട്ടിയെടുത്തു. സ്വർണ്ണം എവിടെയെന്ന് ചോദിച്ച് മർദ്ദിച്ച ശേഷം ആറംഗ സംഘം കാറിൽ ചുറ്റിക്കറക്കി ചോദ്യം ചെയ്യലും ഭീഷണിയും തുടർന്നു. ഒടുവിൽ ആലുവ പറവൂരിൽ ഉപേക്ഷിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നു മുഹമ്മദ് ഷാഫി പോലീസിനെ അറിയിച്ചു. ആലുവ ഡിവൈ.എസ്.പി. രാജേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടു പോകലിനു സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ദുബായ് അജ്മാനിലെ ഒരു കഫറ്റീരിയയിൽ ജോലിക്കാരനാണ് മുഹമ്മദ് ഷാഫി. കഴിഞ്ഞദിവസം പുലർച്ചെ പന്ത്രണ്ടരയോടെ കൊച്ചി ഇൻറർനാഷണൽ വിമാനത്താവളത്തിൽ ഇറങ്ങിയശേഷം പ്രി പെയ്സ് ടാക്സി കൗണ്ടറിലേക്ക് പോകുന്നതിനിടയിൽ പിന്നിൽ നിന്ന് എത്തിയ മൂന്നുപേരാണ് തോക്കു ചൂണ്ടി കാറിൽ തട്ടിക്കൊണ്ടുപോയതെന്നു ഷാഫി പരാതിപ്പെട്ടു. കാറിൽ മൊത്തം 6 പേരുണ്ടായിരുന്നു. കാറിൽ വച്ചു സ്വർണ്ണം എവിടെ എന്ന് ചോദിച്ചായിരുന്നു ഭീഷണിയും ആക്രമവുമത്രെ. ഒടുവിൽ സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും ഹാൻഡ് ബാഗും ഐ ഫോണും തട്ടിയെടുത്തശേഷമാണ് ഭീഷണിപ്പെടുത്തി ഇറക്കി വിട്ടതെന്നു കൂട്ടിച്ചേർത്തു. അക്രമികൾക്ക് വേണ്ടി പൊലീസ് വ്യാപകമായി വല വീശിയിട്ടുണ്ട്.







