നാഗാലാന്‍ഡ്: റെയില്‍വേ ട്രാക്കിലൂടെ അപകടകരമായി ‘ഥാര്‍’ വാഹനമോടിച്ച് അഭ്യാസപ്രകടനം നടത്തിയതിന് 65 കാരന്‍ അറസ്റ്റില്‍. ദിമാപൂര്‍ ജില്ലയിലെ സിഗ്‌നല്‍ അംഗാമി സ്വദേശി തെപ്ഫുനെയ്റ്റ്വോ എന്നയാളാണ് അറസ്റ്റിലായത്. ദിമാപൂരില്‍ ഡിസംബര്‍ 16 നാണ് സംഭവം. NL-01/CA-8181 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള എസ്യുവി വാഹനമാണ് ദിമാപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള റെയില്‍വേ ട്രാക്കിലൂടെ ഓടിച്ചത്. വാഹനം ട്രാക്കില്‍ കുടുങ്ങുകയും ചെയ്തു.
റെയില്‍വേയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദിമാപൂര്‍ പൊലീസ് സ്ഥലത്തെത്തി ജീവനക്കാരുടെയും ആര്‍.പി.എഫിന്റെയും സഹായത്തോടെയാണ് ഥാര്‍ പുറത്തെടുത്തത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചതാണ് ഇയാള്‍ക്കെതിരായ കുറ്റം. റെയില്‍വെ പൊലീസും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. യാത്രക്കാരെ അപകടത്തിലാക്കുന്നതും റെയില്‍വേയുടെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനാണ് കേസ്. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
സ്റ്റേഷനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയോ റെയില്‍വേയുടെ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വാഹന ഉടമയുടെ അശ്രദ്ധമായ പ്രവൃത്തികളില്‍ നിരവധി ഉപയോക്താക്കള്‍ ഞെട്ടലും രോഷവും പ്രകടിപ്പിച്ചു. സുരക്ഷയെ അവഗണിച്ചതിനായിരുന്നു വിമര്‍ശനം.
വാഹന ഉടമയ്ക്ക് മാത്രമല്ല, യാത്രക്കാര്‍ക്കും റെയില്‍വേ ജീവനക്കാര്‍ക്കും ഒരുപോലെ അപകടം വരുത്തുന്ന സംഭവമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. ആ സമയത്ത് ട്രെയിന്‍ വന്നിരുന്നെങ്കില്‍ എത്ര വലിയ അപകടം സംഭവിക്കുമായിരുന്നുവെന്ന ചോദ്യവും ഉയര്‍ന്നു. സുരക്ഷാ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നും പൗരന്മാര്‍ക്കിടയില്‍ മികച്ച അവബോധം സൃഷ്ടിക്കണമെന്നും ആവശ്യം ഉയര്‍ന്നു.







