കുമ്പള: കുമ്പള ഗ്രാമപഞ്ചായത്ത് 10-ആം വാർഡ് മുളിയടുക്കയിൽ മത്സരിച്ച യുഡിഎഫ് റിബൽ സ്ഥാനാർത്ഥി സബൂറ മൊയ്തു നേടിയ തകർപ്പൻ ജയം യുഡിഎഫിന് കനത്ത തിരിച്ചടിയായി.അതേ
സമയം ഔദ്യോഗിക സ്ഥാനാർത്ഥിയെ മലർത്തിയടിച്ച സബൂറ കുമ്പള രാഷ്ട്രീയത്തിൽ താരമാവുകയും ചെയ്തു.
യുഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ഗണേഷ് ഭണ്ഡാരിഎ യാണ് ലീഗ് നേതാവുകൂടിയായ സബൂറ തോല്പിച്ചത്. കേവലം 127 വോട്ടുകൾ മാത്രമാണ് ഭണ്ടാരിക്ക് ലഭിച്ചത്. കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കൂടിയാണ് ഗണേഷ് ഭണ്ഡാരി.നാലാം സ്ഥാനത്താണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി.ലീഗ് റിബലായി മത്സരിച്ച സബൂറക്ക് 487വോട്ട് ലഭിച്ചു.തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ബിജെപിയിലെ പത്മനാഭ യ്ക്ക് 371 വോട്ടു കിട്ടി . മൂന്നാം സ്ഥാനത്ത് എത്തിയ സിപിഎം സ്ഥാനാർത്ഥി പി രമേശിനു 282 വോട്ട് ലഭിച്ചപ്പോൾ പിഡിപിയിലെ അബ്ദുൽ റസാഖിന് 37 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
മുസ്ലിംലീഗിന് ഏറെ സ്വാധീനമുള്ള വാർഡായിരുന്നു മുളിയടുക്ക.യുഡിഎഫ് സീറ്റ് വിഭജനത്തിൽ കുമ്പള റെയിൽവേ സ്റ്റേഷൻ വാർഡ് കോൺഗ്രസിൽ നിന്ന് ലീഗ് ഏറ്റെടുക്കുകയും പകരം പുതുതായി രൂപീകരിച്ച മുളിയടുക്ക വാർഡ് കോൺഗ്രസിന് നൽകുകയായിരുന്നു.ഇത് മുളിയടുക്കക്കയിലെ ലീഗ് പ്രവർത്തകർക്ക് ദഹിച്ചില്ല. ഇതിനെതിരെ ലീഗ് പ്രവർത്തകർ പരസ്യമായി രംഗത്ത് വരികയും നാട്ടുകാരി കൂടിയായ എം ഐ സബൂറയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി അട്ടിമറി വിജയം നേടുകയുമായിരുന്നു.സബൂറ നേരത്തെ കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനാ യിരുന്നു.അന്ന് കുമ്പള കോയി പ്പാടിയിൽ നിന്നുള്ള ലീഗ് അംഗമായിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മത്സര രംഗത്ത് വന്നതിനാൽ എം ഐ സബൂറയെ മുസ്ലിംലീഗ് ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. കഴിഞ്ഞ പ്രാവശ്യം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൊഗ്രാൽ കൊപ്പളം വാർഡിൽ നിന്ന് ലീഗിനെതിരെ റിബലായി മത്സരിച്ച് വിജയിച്ച കൗലത്തിനെ ഒരു വർഷത്തിനകം മുസ്ലിംലീഗിൽ തിരിച്ചെടുത്തത് പാർട്ടി പ്രവർത്തകർ നേതൃത്വത്തെ ചൂണ്ടിക്കാട്ടി ത്തുടങ്ങിയിട്ടുണ്ട്.ആ കീഴ്‌വഴക്കം സബൂറയുടെ കാര്യത്തിലും വേണമെന്നും അതുപോലെ സബൂറയുടെ സസ്‌പെൻഷനും ലീഗ് വിഴുങ്ങണമെന്നും പാർട്ടിക്കാർ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.ഇപ്പോൾ കുമ്പള ഗ്രാമപഞ്ചായത്തിൽ യുഡിഎഫിന് 15 അംഗങ്ങളുണ്ട്. മുസ്ലിം ലീഗ് 13,കോൺഗ്രസ് 2 എന്നിങ്ങനെയാണ് കക്ഷിനില.24 മെമ്പർമാരാണ് പഞ്ചായത്തിലുള്ളത്.







