തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍മാര്‍ ഉള്‍പ്പെടെ ഉന്നതര്‍ അറസ്റ്റിലായതിന് പിന്നാലെ പുറത്തുവന്ന ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം നീക്കം ചെയ്യാന്‍ മെറ്റ, യുട്യൂബ് കമ്പനികളോട് പൊലീസ് ഉന്നയിച്ച ആവശ്യത്തിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്ത്.
കോടതിയുടെ നിര്‍ദേശം ഇല്ലാത്ത സാഹചര്യത്തില്‍ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
പാരഡി ഗാനം നീക്കം ചെയ്യരുതെന്ന് സതീശന്‍ മെറ്റയോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് പാട്ട് വൈറലായത്. പാട്ട് അങ്ങ് പാര്‍ലമെന്റില്‍ വരെ എത്തുകയും ചെയ്തു. പാട്ടിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് നവമാധ്യമങ്ങളില്‍ നിന്ന് അത് നീക്കം ചെയ്യാന്‍ പൊലീസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നത്.
ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് ആരോപിച്ച് പൊലീസ് മേധാവിക്ക് പരാതി ലഭിച്ചിരുന്നു. പാട്ടിനെതിരെ സിപിഎമ്മും നടപടി ആവശ്യപ്പെട്ടിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റി സ്വര്‍ണം ചെമ്പാക്കി മാറ്റിയെന്നും സഖാക്കളാണ് സ്വര്‍ണം കട്ടതെന്നുമാണ് പാട്ടില്‍ പറയുന്നത്. അയ്യപ്പ ഭക്തിഗാനത്തിന്റെ പാരഡിയില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി.പി.കുഞ്ഞബ്ദുല്ലയാണ് പാട്ടെഴുതിയത്.







