മുംബൈ: വിവാഹ വസ്ത്രത്തില്‍ ഓഫീസ് ജോലി ചെയ്യുന്ന വധുവിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ വിമര്‍ശനം വ്യാപകമാകുന്നു. കോയല്‍ എ.ഐയുടെ സിഇഒ മെഹുല്‍ അഗര്‍വാളാണ് ചിത്രം പങ്കിട്ടത്. സഹോദരിയും കമ്പനിയുടെ സഹസ്ഥാപകയുമായ ഗൗരി അഗര്‍വാളിന്റെ വിവാഹ ചടങ്ങില്‍ നിന്നെടുത്ത ഫോട്ടോയാണ് വിമര്‍ശനത്തിന് ഇടയായത്.
ചടങ്ങുകള്‍ക്ക് പിന്നാലെ ഒരു നിര്‍ണായക സോഫ്റ്റ്വെയര്‍ പ്രശ്‌നം സഹോദരി പരിഹരിച്ചതെങ്ങനെയെന്ന് കാണിക്കുന്ന പോസ്റ്റായിരുന്നു അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. പോസ്റ്റില്‍, സ്റ്റാര്‍ട്ടപ്പ് ജീവിതത്തിന്റെ ഗ്ലാമറസ് കാഴ്ചപ്പാടിനെ മെഹുല്‍ വെല്ലുവിളിച്ചു. പിന്നാലെയാണ് വിവാഹ വസ്ത്രത്തില്‍ ലാപ്ടോപ്പുമായി ഇരിക്കുന്ന ഗൗരിയുടെ ഫോട്ടോ അദ്ദേഹം പോസ്റ്റ് ചെയ്തത്.
വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് പത്ത് മിനിറ്റിനുള്ളില്‍ എടുത്ത ചിത്രമാണിത്. സ്വന്തം വിവാഹ ആഘോഷങ്ങള്‍ക്കിടയിലും കമ്പനിക്ക് നേരിട്ട സാങ്കേതിക പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലായിരുന്നു ഗൗരി. ആളുകള്‍ സ്റ്റാര്‍ട്ടപ്പുകളെ വളരെ മനോഹരമായി സങ്കല്‍പ്പിക്കാറുണ്ട്. എന്നാല്‍ ഇതിന് വലിയ അധ്വാനം ആവശ്യമാണ്. ഇത് എന്റെ സഹോദരിയും സഹസ്ഥാപകയുമാണ്. സ്വന്തം വിവാഹ വേദിയില്‍ ഇരുന്ന് കൊണ്ട് കോയല്‍ എഐയിലെ ഒരു പിശക് പരിഹരിക്കുന്നു. ഇതൊരു ഫോട്ടോ ഷൂട്ട് അല്ല, ഇതിന്റെ പേരില്‍ മാതാപിതാക്കള്‍ ഞങ്ങളെ രണ്ടു പേരെയും വഴക്കു പറഞ്ഞുവെന്ന കുറിപ്പോടെയാണ് മെഹുല്‍ ചിത്രം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.
മെഹുല്‍ പങ്കുവച്ച മറ്റൊരു ഫോളോ-അപ്പ് പോസ്റ്റില്‍ ഗൗരി തന്റെ ഹണിമൂണിനും ഒരു ദിവസം മൂന്ന് മണിക്കൂര്‍ മീറ്റിംഗുകളില്‍ പങ്കെടുത്തിരുന്നുവെന്നും പരാമര്‍ശിച്ചു. ‘അവള്‍ ഇപ്പോള്‍ ഹണിമൂണിലാണ്, പക്ഷേ ഒരു ദിവസം മൂന്നു മണിക്കൂര്‍ മീറ്റിംഗുകളില്‍ പങ്കെടുത്തു. ഭര്‍ത്താവ് സന്തുഷ്ടനല്ല എന്നും അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.
ചിത്രങ്ങള്‍ കണ്ട പലരും ജോലിയോടുള്ള ഗൗരിയുടെ അര്‍പ്പണബോധത്തെ പ്രശംസിച്ചു. എന്നാല്‍ മറ്റു ചിലര്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ അമിത സമ്മര്‍ദ്ദത്തെ വിമര്‍ശിച്ചു. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ രസകരമായ മറുപടിയുമായി ഗൗരിയും രംഗത്തെത്തി. മണിക്കൂറുകളോളം നീളുന്ന ഒരു ഇന്ത്യന്‍ വിവാഹ റിസപ്ഷനില്‍ ഇരുന്നു നോക്കൂ. അപ്പോള്‍ നിങ്ങള്‍ക്ക് അതിലും ഭേദം കോഡിംഗ് ആണെന്ന് തോന്നുമെന്നായിരുന്നു ഗൗരിയുടെ മറുപടി.
ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള ജോലി ചെയ്യുന്നവര്‍ക്ക് തിരക്കുകള്‍ക്കിടയില്‍ കുടുംബ ജീവിതത്തിന്റെ മനോഹര നിമിഷങ്ങളെല്ലാം നഷ്ടമാവുകയാണോയെന്ന ചര്‍ച്ചകള്‍ക്കും ചിത്രം തുടക്കമിട്ടു.







