മുംബൈ: ഫ്‌ളാറ്റിനുള്ളില്‍ കയറി പുള്ളിപ്പുലി നടത്തിയ ആക്രമണത്തില്‍ പ്രതിശ്രത വധു അടക്കം 6 പേര്‍ക്ക് പരിക്ക്.
ഭയാന്ദര്‍ ഈസ്റ്റിലെ ജനവാസ മേഖലയിലെ ഫ്‌ളാറ്റിലാണ് സംഭവം. . തലാവ് റോഡിലെ ഫ്‌ളാറ്റില്‍ കയറി പുള്ളിപ്പുലി നടത്തിയ ആക്രമണം പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി.
നിലവില്‍ പാരിജാത് കെട്ടിടത്തിനുള്ളിലാണ് പുലി ഉള്ളതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ മുംബൈ അഗ്‌നിശമന സേന സുരക്ഷിതമായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആറു ദിവസം കഴിഞ്ഞ് വിവാഹം നടക്കേണ്ട പെണ്‍കുട്ടി അടക്കമുള്ളവരാണ് ആക്രമണത്തിനിരയായത്. പെണ്‍കുട്ടിയുടെ മുഖത്ത് അടക്കം പരിക്കുണ്ട്.
വിവാഹ വീടായതിനാല്‍ അതിഥികള്‍ അടക്കം ഒരുപാടുപേര്‍ ഫ്‌ളാറ്റിലുണ്ടായിരുന്നു.
പുള്ളിപ്പുലിയെ പിടികൂടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി ആരംഭിച്ചു. ജനവാസ മേഖലയില്‍ പുള്ളിപ്പുലി അലഞ്ഞുതിരിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് താനെ ടെറിട്ടോറിയല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രത്യേക രക്ഷാ സംഘത്തെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്.
ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ സച്ചിന്‍ റെപാല്‍ പുള്ളിപ്പുലിയെ സുരക്ഷിതമായി പിടികൂടുന്നതുവരെ വീടിനുള്ളില്‍ തന്നെ തുടരാനും മൃഗത്തെ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കാനും താമസക്കാരോട് നിര്‍ദ്ദേശിച്ചു. പുലിയുടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.







