കാസര്‍കോട്: കര്‍ണ്ണാടക ബാങ്ക് മംഗല്‍പ്പാടി ശാഖയില്‍ പണയപ്പെടുത്തിയ 227ഗ്രാം സ്വര്‍ണ്ണം മുക്കുപണ്ടമായി മാറി. പണയസ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് മറിമായം പുറത്തായത്. ഇതു സംബന്ധിച്ച് കര്‍ണ്ണാടക ബാങ്ക് മംഗ്‌ളൂരു ഡെപ്യൂട്ടി റീജ്യണല്‍ ഹെഡ് ശ്രേഷ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നവംബര്‍ 26നും ഡിസംബര്‍ ആറിനും ഇടയില്‍ പണയം വച്ച് 31,50,066 രൂപ വായ്പയെടുത്ത സ്വര്‍ണ്ണമാണ് മുക്കുപണ്ടമായി മാറിയത്. യഥാര്‍ത്ഥ സ്വര്‍ണ്ണം മാറ്റി പകരം മുക്കുപണ്ടം വച്ചാണ് തട്ടിപ്പ് നടത്തിയത്. മഞ്ചേശ്വരം പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിലെ രണ്ടു ജീവനക്കാരെ ചോദ്യം ചെയ്തു. ഇവരിലൊരാള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.







