കനത്ത പുകമഞ്ഞ്; ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി; ബദല്‍ സംവിധാനം ഒരുക്കുന്നില്ലെന്ന പരാതിയുമായി യാത്രക്കാര്‍

ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാന സര്‍വീസ് റദ്ദാക്കി. ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി. ഇതോടെ നിരവധി വിമാന സര്‍വീസുകളാണ് വൈകുന്നത്. കനത്ത മുടല്‍മഞ്ഞിനെ തുടര്‍ന്ന് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

അതേസമയം വിമാനം റദ്ദാക്കിയ നടപടിക്കെതിരെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എയര്‍ഇന്ത്യ ബദല്‍ സംവിധാനം ഒരുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. യാത്രക്കാര്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇതാണ് പ്രതിഷേധത്തിന് കാരണമായത്. റീഫണ്ട് ഏഴ് ദിവസത്തിനകം നല്‍കുമെന്നും അറിയിച്ചു.

വിദേശത്തു നിന്ന് ഡല്‍ഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഡല്‍ഹിയില്‍ റെയില്‍, വ്യോമ ഗതാഗതത്തെ മൂടല്‍മഞ്ഞ് ബാധിച്ചു. വായു ഗുണനിലവാരം വളരെ മോശമായി തുടരുകയാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി വായുനിലവാരം(എക്യുഐ).

വായുമലിനീകരണം രൂക്ഷമായതോടെ രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മലിനീകരണ സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്ക് പമ്പുകളില്‍ നിന്നും ഇന്ധനം നല്‍കില്ല. ഡല്‍ഹിക്ക് പുറത്തുള്ള വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും വിലക്കുണ്ട്. ഭാരത് സ്റ്റേജ് ആറിന് താഴെയുളള വാഹനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തുക. ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ അതിര്‍ത്തിയിലടക്കം വിന്യസിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page