കാസര്‍കോട്: പട്ടാപ്പകല്‍ നഗരത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നില്‍ നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ട പ്രശ്‌നമെന്ന് സൂചന. പഴയ 2000 രൂപയുടെ നോട്ടുകള്‍ മാറി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആന്ധ്ര സ്വദേശികളെ ഹനീഫ് തട്ടിപ്പിനിരയാക്കിയെന്നാണ് വിവരം. ഹനീഫും സംഘവും പണം വാങ്ങിയ ശേഷം മൂന്നാഴ്ച കഴിഞ്ഞിട്ടും തിരിച്ചു നല്‍കാതെ കബളിപ്പിക്കുകയായിരുന്നവെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന സൂചന. ഹനീഫയുടെ കൂട്ടാളികളായ 3 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാസര്‍കോട് നഗരത്തിലെ ഒരു ഹോട്ടലിന്റെ മുന്നില്‍ വച്ചാണ് മേല്‍പറമ്പ് സ്വദേശി ഹനീഫയെ 4 അംഗ ആന്ധ്ര സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് സംഭവം ഉറപ്പിക്കുകയായിരുന്നു. പിന്നീട് തട്ടിക്കൊണ്ടുപോയ സംഘത്തെ കര്‍ണാടക ഹാസനില്‍ വച്ച് പൊലീസ് പിടികൂടി. വ്യാഴാഴ്ച പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ സംഘത്തെ കാസര്‍കോട് സ്‌റ്റേഷനില്‍ എത്തിച്ചു. സംഘം മൂന്നു ദിവസം മുമ്പ് കാസര്‍കോട് എത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. ലക്ഷക്കണക്കിന് രൂപയുടെ രൂപയുടെ ഇടപാട് നടന്നിരിക്കാമെന്നാണ് സൂചന. പിടിയിലായവരെ പൊലീസ് ഇപ്പോഴും ചോദ്യം ചെയ്യുന്നതായാണ് വിവരം.







