ന്യൂഡല്‍ഹി: ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനത്തിനെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ഡെല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ഗാനത്തിനെതിരെ കേസെടുത്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.
ഒരു പാരഡി ഗാനം വിവാദമായി മാറിയിരിക്കുകയാണ്. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് തലവേദനയായി മാറി. കേരളത്തിലെ മുഴുവന്‍ എംപിമാരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ക്കെതിരെയെല്ലാം കേസെടുക്കേണ്ടി വരും. അങ്ങനെയാകുമ്പോള്‍ അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
‘പോറ്റിയെ കേറ്റിയെ’ എന്ന പാരഡി പാട്ടില്‍ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികള്‍ ഉടനുണ്ടാകില്ലെന്നാണ് അറിയുന്നത്. പ്രതി ചേര്‍ത്തവരെ നോട്ടീസ് നല്‍കി വിളിച്ചുവരുത്തും. കൂടാതെ പ്രചാരണം നല്‍കുന്ന സൈറ്റുകളില്‍ നിന്നും പാട്ടും നീക്കം ചെയ്യും. രണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പാട്ടുണ്ടാക്കിയതിന് കഴിഞ്ഞദിവസമാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് കേസെടുത്തത്.







