കാസര്‍കോട്: സാമൂഹിക പ്രാധാന്യമുള്ള സിനിമകളെ സാധാരണക്കാരിലേക്ക് എത്തിച്ച കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ അമരക്കാരനെയാണു പി.എം.മുരളീധരന്‍ മാഷുടെ മരണത്തിലൂടെ നാടിനു നഷ്ടമായത്. കേരളത്തില്‍ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പ്രധാനികളില്‍ ഒരാളായിരുന്നു. കുട്ടികള്‍ക്കായി ആദ്യമായി ചലചിത്രോല്‍സവം സംഘടിപ്പിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. കാസര്‍കോട് ഫിലിം സൊസൈറ്റിയെ കേരളത്തിലെ ഏറ്റവും ഗംഭീരമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റികളില്‍ ഒന്നാക്കി മാറ്റിയത് മുരളി മാഷായിരുന്നു. കാസര്‍കോട്ട് അധ്യാപക ജോലിയില്‍ എത്തിയതോടെ 1975 മേയിലാണ് ഇദ്ദേഹം കാസര്‍കോട് ഫിലിം സൊസൈറ്റിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറിയായത്.
ഇത് രാജ്യത്തെ പ്രധാനപ്പെട്ട ഫിലിം സൊസൈറ്റികളിലൊന്നായി ഉയര്‍ത്തിയെടുത്തു. ഉന്നത മധ്യവര്‍ഗങ്ങള്‍ക്കു മാത്രം പങ്കാളിത്തമുള്ള ഫിലിം സൊസൈറ്റി, സാധാരണക്കാരായ ആള്‍ക്കാരെക്കൂടി പങ്കാളിക്കിയത് ഇദ്ദേഹമായിരുന്നു. സൊസൈറ്റിക്ക് സ്വന്തമായി പ്രൊജക്ടര്‍ വാങ്ങി സിനിമ പ്രദര്‍ശിപ്പിച്ച് നാടുനീളെ നടന്നയാളായിരുന്നു. സ്‌കൂളുകളില്‍ സിനിമാ പ്രദര്‍ശനം ആദ്യമായി സംഘടിപ്പിച്ചു. ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ചലച്ചിത്രോത്സവം ആദ്യമായി നടത്തിയത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.
1980 ല്‍ കാസര്‍കോട് ഫോക്കസ് എന്ന സിനിമാ മാസിക തുടങ്ങി. സംവിധായകന്‍ ജോണ്‍ ഏബ്രഹാമിന്റെ കയ്യൂര്‍ സിനിമയുടെ ആലോചനയില്‍ നിര്‍മാണസംഘത്തെ കാസര്‍കോട്ടേക്കു നയിച്ചത് മുരളീധരനായിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷമായി നോര്‍മല്‍ പ്രഷര്‍ ഹൈഡ്രോസിഫാലിസ് എന്ന രോഗം ബാധിച്ച് കിടപ്പിലായിരുന്നു. ബുധനാഴ്ചയാണ് അന്ത്യം സംഭവിച്ചത്. സിനിമയ്ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച മുരളിമാഷിന് വൈകീട്ട് ജന്മനാട് യാത്രമൊഴിയേകും. വൈകീട്ട് നാലിന് കണ്ടങ്കാളിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും. ഭാര്യ: വിവി ഉഷ. മക്കള്‍: രാഹുല്‍, ആതിര.







