ന്യൂഡല്‍ഹി: 2026 അവസാനത്തോടെ രാജ്യത്തുടനീളം മള്‍ട്ടി-ലെയ്ന്‍ ഫ്രീ ഫ്‌ളോ (MLFF) ടോള്‍ സംവിധാനവും എ.ഐ അധിഷ്ഠിത ഹൈവേ മാനേജ്‌മെന്റ് സാങ്കേതികവിദ്യയും നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യസഭയില്‍ ചോദ്യോത്തരവേളില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത് ടോള്‍ പ്ലാസകളിലെ കാത്തിരിപ്പ് ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.
ജിപിഎസ്, ഓട്ടമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ (എഎന്‍പിആര്‍) ക്യാമറകള്‍ എന്നിവ സ്ഥാപിച്ച് എഐ സഹായത്തോടെയാണ് ടോള്‍ നിര്‍ണയിക്കുന്നത്. നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ (എന്‍പിസിഐ) തയാറാക്കിയ നാഷനല്‍ ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ (എന്‍ഇടിസി) സംവിധാനം വഴി ഫാസ്ടാഗില്‍ നിന്ന് തുക ഈടാക്കും.
പുതിയ സാങ്കേതികവിദ്യ പൂര്‍ണ്ണമായും എ.ഐ അധിഷ്ഠിതമായിരിക്കുമെന്നും ടോള്‍ പ്ലാസകളില്‍ കാത്തിരിക്കാതെ വാഹനങ്ങളെ ടോള്‍ പോയിന്റുകളിലൂടെ കടന്നുപോകാന്‍ അനുവദിക്കുമെന്നും ഗഡ്കരി പറഞ്ഞു. ഈ സംരംഭം പ്രതിവര്‍ഷം ഏകദേശം 1,500 കോടി രൂപയുടെ ഇന്ധനം ലാഭിക്കാനും സര്‍ക്കാര്‍ വരുമാനം ഏകദേശം 6,000 കോടി രൂപ വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പത്തിടത്ത് പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച സംവിധാനമാണ് എല്ലാ ദേശീയപാതകളിലേക്കും വ്യാപിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനായി വാഹനം 3 മുതല്‍ 10 മിനിറ്റ് വരെ നിര്‍ത്തിയിടേണ്ടി വന്നിരുന്നു. ഫാസ്ടാഗ് ഏര്‍പ്പെടുത്തിയതോടെ ഇത് ഒരു മിനിറ്റില്‍ താഴെയായി കുറയ്ക്കാന്‍ സാധിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വരുമാനം 5000 കോടി രൂപയോളം വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു. എംഎല്‍എഫ്എഫ് വരുന്നതോടെ 80 കിലോമീറ്റര്‍ വേഗത്തില്‍ കാറുകള്‍ക്ക് ടോള്‍ ഗേറ്റുകള്‍ കടന്നുപോകാന്‍ സാധിക്കും. പുതിയ സാങ്കേതികവിദ്യ തീര്‍ച്ചയായും ആളുകളെ സഹായിക്കുമെന്നും യാത്രാ സമയം തീര്‍ച്ചയായും കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.







