കാസര്‍കോട്: ഉദുമ നമ്പ്യാര്‍ കീച്ചലില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 1.100 കിലോ ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കുഡ്‌ലു ചൗക്കി ആസാദ് നഗറിലെ എം അഹമ്മദിനെ അറസ്റ്റുചെയ്തു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ഹൊസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി വി പ്രസന്നകുമാറും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം നമ്പ്യാര്‍ കീച്ചലില്‍ എത്തിയത്. പ്രൈവറ്റ് ഓട്ടോയെ കണ്ട് സംശയം തോന്നിയ എക്‌സൈസ് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഓട്ടോയും കഞ്ചാവും കസ്റ്റഡിയിലെടുത്ത് പ്രതിക്കതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജെ ജോസഫ്, പിവന്റ്റീവ് ഓഫിസര്‍മാരായ നിധീഷ് വൈക്കത്ത്, പി നിഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ സിജു, ആര്‍കെ അരുണ്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.







