കാസർകോട്: കാസർകോട് ടൗണിലെ ഒരു ഹോട്ടലിന് അടുത്ത് നിന്ന് കാറിലെത്തിയ സംഘം ബുധനാഴ്ച ഉച്ചയ്ക്ക് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ റാഞ്ചിയ സംഭവത്തിൽ പരാതിക്കാരും പ്രതികളും ഉൾപ്പെടെ എട്ടു പേരെ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തു. പഴയ 2000 രൂപയുടെ നോട്ട് കൈമാറ്റ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകലെന്നു ഇതുവരെ നടന്ന അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളതായി പൊലീസ് സൂചിപ്പിച്ചു. ആന്ധ്രാ സംഘത്തിലെ ഒരാളെ തടഞ്ഞുവെച്ച് ഏഴര ലക്ഷം രൂപ തട്ടിയ വിരോധത്തിലാണ് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആദ്യം പിടിയിലായ പ്രതികള്‍ നൽകിയ മൊഴി. തട്ടിക്കൊണ്ടുപോയ കാറിൽ ഉണ്ടായിരുന്ന ആന്ധ്രാസംഘത്തിലെ സിദാന ഓംകാർ, മാരുതി പ്രസാദ് റെഡി, ശ്രീനാഥ്, പൃഥിരാജ് എന്നിവരുടെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തി. കാസർകോട് സംഘത്തിലെ നേതാവ് ഷെരീഫ്, തട്ടിക്കൊണ്ടു പോയ മുഹമ്മദ് ഹനീഫ, നൂറുദ്ദീൻ, വിജയൻ എന്നിവരുടെ അറസ്റ്റും പൊലീസ് വ്യാഴാഴ്ച വൈകുന്നേരം രേഖപ്പെടുത്തി. ഹനീഫയെയും റാഞ്ചികളെയും കർണാടകയിൽ കാസർകോട് പൊലീസ് ബുധനാഴ്ച വൈകിട്ട് പിടികൂടിയിരുന്നു. 2000 രൂപയുടെ നിരോധിത നോട്ടുകൾ വെളുപ്പിക്കുന്ന ആന്ധ്ര സംഘത്തിലെ ഒരാളെ തടഞ്ഞുവെച്ച് അയാളിൽ നിന്ന് ലക്ഷങ്ങളുടെ ഒറിജിനൽ പണം തട്ടിഎടുത്തതിന്റെ പകയാണു റാഞ്ചലിനു പിന്നിലെന്ന് പറയുന്നു. നിരോധിത നോട്ട് വെളുപ്പിക്കൽ, തട്ടിക്കൊണ്ടു പോകൽ പണം കൊള്ളയടിക്കൽ എന്നിവക്കാണ് ഇരു ഭാഗത്തിനുമെതിരെ കേസെടുത്തിട്ടുള്ളത്. ആന്ധ്ര സംഘത്തലവൻ ഓം കാറിൻ്റെ 7 ലക്ഷം രൂപ കാസർകോട് സംഘം തട്ടിയെടുത്തിരുന്നതായും പറയുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ട് പോയത്. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനുള്ള കറുത്ത മഹീന്ദ്ര സ്കോർപിയോ കാറിൽ ബലമായി പിടിച്ച് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് ഇവരെ കർണാടകയിൽ നിന്ന് പിടികൂടിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ വെളിച്ചത്തായത്. സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഹനീഫ് അടക്കമുള്ള കാസര്‍കോട്ടെ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തത്.







