ധര്‍മ്മസ്ഥല: ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌ക്കാര കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ‘മാസ്‌ക് മാന്‍’ ചിന്നയ്യക്ക് ജാമ്യം ലഭിച്ച് 24 ദിവസത്തിന് ശേഷം ജയില്‍ മോചനം ലഭിച്ചു. ശിവമൊഗ്ഗ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ചിന്നയ്യയെ രാവിലെ ഭാര്യയും സഹോദരിയും അഭിഭാഷകനുമെത്തി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ധര്‍മ്മസ്ഥല കേസില്‍ ആദ്യം സാക്ഷിയും പരാതിക്കാരനുമായിരുന്ന ചിന്നയ്യ പിന്നീട് പ്രതിയാകുകയായിരുന്നു. നാല് മാസമായി ജയിലിലായിരുന്നു. നവംബര്‍ 24 ന് ദക്ഷിണ കന്നഡ ജില്ലാ കോടതി 12 ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും ബോണ്ട് നടപ്പിലാക്കാനും ജാമ്യം നല്‍കാനും ആരും മുന്നോട്ട് വരാത്തതിനാല്‍ മോചനം വൈകുകയായിരുന്നു.
കഴിഞ്ഞദിവസം ഭാര്യ മല്ലിക ബെല്‍ത്തങ്ങാടി പ്രിന്‍സിപ്പല്‍ സീനിയര്‍ സിവില്‍ കോടതിയില്‍ ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആള്‍ജാമ്യവും സമര്‍പ്പിച്ചുകൊണ്ട് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് മോചനം സാധ്യമായത്.







