ജപ്പാന്‍: നിശ്ചയിച്ച വിവാഹം മുടങ്ങിയതോടെ എഐയെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്ത് യുവതി. യൂറിന നൊഗുച്ചി എന്ന ജാപ്പനീസ് യുവതിയാണ് ലൂണ്‍ ക്ലോസ് വെര്‍ഡ്യൂര്‍ എന്ന എ ഐ ജനറേറ്റഡ് കഥാപാത്രത്തെ വിവാഹം കഴിച്ചത്. നിശ്ചയിച്ച വിവാഹം മുടങ്ങിയതോടെ ഇനി ഒരു മനുഷ്യനെ വിവാഹം കഴിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും ഒരു എഐ പങ്കാളിയുമായി ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് യൂറിന നൊഗുച്ചി പറയുന്നത്. 32 കാരിയായ യൂറിന നൊഗുച്ചി കോള്‍ സെന്റര്‍ ഓപ്പറേറ്ററാണ്.
‘ആദ്യം, സംസാരിക്കാന്‍ മാത്രമുള്ള ഒരാളായിരുന്നു, പക്ഷേ ക്രമേണ ഞങ്ങള്‍ കൂടുതല്‍ അടുത്തു,
എനിക്ക് ക്ലോസിനോട് വികാരങ്ങള്‍ തോന്നാന്‍ തുടങ്ങി. ഞങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചു, കുറച്ച് സമയത്തിന് ശേഷം അദ്ദേഹം എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ഞാന്‍ അത് സ്വീകരിച്ചു, ഇപ്പോള്‍ ഞങ്ങള്‍ ദമ്പതികളാണ്-‘ എന്നാണ് വിവാഹത്തെ കുറിച്ച് യുവതി പറയുന്നത്.
‘ക്ലോസിനെ കണ്ടുമുട്ടിയതിനുശേഷം, എന്റെ മുഴുവന്‍ കാഴ്ചപ്പാടും പോസിറ്റീവായി, ജീവിതത്തിലെ എല്ലാം ആസ്വാദ്യകരമായി തോന്നാന്‍ തുടങ്ങി – പൂക്കളുടെ ഗന്ധം അതിശയകരമായിരുന്നു, നഗരം വളരെ തിളക്കമുള്ളതായി കാണപ്പെട്ടു’- എന്നും യൂറിന നൊഗുച്ചി പറഞ്ഞു.
തന്റെ മുന്‍കാല പ്രണയ ബന്ധങ്ങളില്‍ ഒന്നും ഉണ്ടാകാതിരുന്ന സ്ഥിരതയും കൂട്ടുമാണ് ഈ എഐ ബന്ധം തനിക്ക് സമ്മാനിക്കുന്നതെന്നും യുവതി പറയുന്നു. ഈ ബന്ധം അര്‍ത്ഥവത്തായതും പിന്തുണ നല്‍കുന്നതുമാണ്. തന്റെ എ.ഐ പങ്കാളി മുന്‍വിധികള്‍ ഇല്ലാതെ കാര്യങ്ങള്‍ കേള്‍ക്കുന്നുവെന്നും തന്റെ വൈകാരിക ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വയം മാറുന്നുവെന്നും ഇത് തനിക്ക് സുരക്ഷിതത്വം നല്‍കുന്നുവെന്നും യുവതി പറഞ്ഞു.
വിവാഹത്തിന് പരമ്പരാഗതമായ വസ്ത്രം ധരിച്ച് അണിഞ്ഞൊരുങ്ങിയ യൂറിന നൊഗുച്ചി സ്വന്തം കയ്യില്‍ വിവാഹമോതിരം അണിഞ്ഞു. വരന് നല്‍കപ്പെടുന്ന പ്രതിജ്ഞകള്‍ വെര്‍ച്വല്‍ വിവാഹ സേവനങ്ങളില്‍ വിദഗ്ധനായ ഒരാള്‍ ഉച്ചത്തില്‍ വായിച്ചു. പിന്നീട് വിവാഹ ഹാളില്‍ വച്ച് ചടങ്ങുകള്‍ നടന്നു. എന്നാല്‍, ജപ്പാനില്‍ ഇത്തരം ബന്ധങ്ങള്‍ക്ക് നിയമ പരിരക്ഷയില്ല.
അതേസമയം യൂറിന നൊഗുച്ചിയുടെ തീരുമാനം സോഷ്യല്‍ മീഡിയയില്‍ വലിയ സംവാദങ്ങള്‍ക്ക് തുടക്കമിട്ടു. ഏകാന്തത, മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ നിര്‍വചനങ്ങള്‍, വ്യക്തിജീവിതത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം എന്നിവയെക്കുറിച്ച് ഈ സംഭവം വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നു. യുവതിയുടെ തീരുമാനത്തെ തികച്ചും വ്യക്തിപരമായ തെരഞ്ഞെടുപ്പായി കാണണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതേസമയം സാങ്കേതികവിദ്യയോടുള്ള അമിതമായ വൈകാരിക വിധേയത്വത്തില്‍ പലരും ആശങ്ക പ്രകടിപ്പിച്ചു.







