ബീജിങ്: 87ാം വയസ്സില്‍ 37 കാരിയില്‍ മകന്‍ പിറന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച് പ്രശസ്ത ചൈനീസ് കലാകാരന്‍ ഫാന്‍ സെങ്ങ്. ചൈനയിലെ ഏറ്റവും ആദരണീയനായ സമകാലിക ചിത്രകാരന്മാരില്‍ ഒരാളായ ഫാന്‍ സെങ്, തന്റെ മറ്റ് കുട്ടികളുമായുള്ള ബന്ധം വിച്ഛേദിച്ച വിവരവും പങ്കുവച്ചു. 87കാരനായ ഫാന്‍ തന്റെ ശ്രദ്ധേയമായ കലാസൃഷ്ടിയുടെ പേരില്‍ ആഘോഷിക്കപ്പെടുന്ന വ്യക്തിയാണ്. 2008 നും 2024 നും ഇടയില്‍ അദ്ദേഹത്തിന്റെ കൃതികള്‍ നാല് ബില്യണ്‍ യുവാനില്‍ (567 മില്യണ്‍ യുഎസ് ഡോളര്‍) കൂടുതല്‍ വരുമാനം നേടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ 10 മില്യണ്‍ യുവാനില്‍ കൂടുതല്‍ തുകക്ക് ലേലത്തില്‍ വിറ്റു. 1991-ല്‍ ഫാന്‍ ചെയ്ത ഒരു കലാസൃഷ്ടി 2011-ല്‍ ബീജിംഗില്‍ നടന്ന ലേലത്തില്‍ 18.4 ദശലക്ഷം യുവാന് വിറ്റുപോയിരുന്നു. ചിത്രരചനാ വൈദഗ്ധ്യത്തിന് പുറമേ, ആദരണീയനായ ഒരു കാലിഗ്രാഫര്‍ കൂടിയാണ് ഫാന്‍. അദ്ദേഹത്തിന്റെ കാലിഗ്രാഫിക്ക് 0.11 ചതുരശ്ര മീറ്ററിന് ഏകദേശം 200,000 യുവാന്‍ (US$28,000) വിലയുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, തന്നേക്കാള്‍ 50 വയസ്സ് കുറവുള്ള സൂ മെങ്ങിനെ വിവാഹം കഴിച്ചതിലൂടെ ഫാന്‍ കൂടുതല്‍ പൊതുജനശ്രദ്ധ നേടി. ഈ വിവാഹത്തിന് മുമ്പ് മൂന്ന് വിവാഹം ഫാന്‍ കഴിച്ചിരുന്നു. ഈ ബന്ധങ്ങളില്‍ കുട്ടികളുമുണ്ട്.
ഡിസംബര്‍ 11 ന്, തന്റെ ഭാര്യ സു മെങ് ആണ്‍കുട്ടിയെ പ്രസവിച്ചതായി ഫാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രഖ്യാപിച്ചു. കുട്ടിയെ തന്റെ ഏക കുട്ടി എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഭാര്യയും മകനുമൊത്ത് പുതിയ വീട്ടിലേക്ക് താമസം മാറിയെന്നും അറിയിച്ചു. പ്രായാധിക്യം കാരണം കുടുംബകാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം ഭാര്യയെ ഏല്‍പ്പിച്ചതായും മറ്റുള്ളവര്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചില വ്യക്തികള്‍ എന്റെ മറ്റ് കുട്ടികളുടെ പേരുകള്‍ ഉപയോഗിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കാനും, സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും, എന്റെ കുടുംബത്തെ പോലും അപകടത്തിലാക്കാനും ശ്രമിക്കുന്നു. അതിനാല്‍, എന്റെ മകള്‍ ഫാന്‍ സിയാവോഹുയിയുമായും, അവരുടെ കുടുംബങ്ങളുമായുമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നുവെന്നും ഇനി ഞാന്‍ അവരുമായി ഇടപഴകില്ലെന്നും ഫാന്‍ വ്യക്തമാക്കിയിരുന്നു.
ഫാന്‍ തന്റെ കുട്ടികളുമായി അസ്വാരസ്യത്തിലാണെന്ന കാര്യം പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. ഓഗസ്റ്റില്‍, തന്റെ പിതാവിനെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് മകള്‍ സിയാവോഹുയ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. എണ്‍പത് വയസ്സുള്ള ആളോട് സൂ മോശമായി പെരുമാറുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ടെന്നും അവര്‍ ആരോപിച്ചു, കൂടാതെ ഫാനിന്റെ ഉടമസ്ഥതയിലുള്ള 2 ബില്യണ്‍ യുവാന്‍ (280 മില്യണ്‍ യുഎസ് ഡോളര്‍) വിലമതിക്കുന്ന നിരവധി കലാസൃഷ്ടികള്‍ സൂ രഹസ്യമായി വിറ്റതായും മകള്‍ ആരോപിച്ചു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം, ഫാനിന്റെ കമ്പനി ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
കിഴക്കന്‍ ജിയാങ്സു പ്രവിശ്യയില്‍ നിന്നുള്ള ഫാന്‍, 1960 കളില്‍ ബീജിംഗിലെ സെന്‍ട്രല്‍ അക്കാദമി ഓഫ് ഫൈന്‍ ആര്‍ട്സില്‍ പരമ്പരാഗത ചൈനീസ് പെയിന്റിംഗ് പഠിച്ചു. ആധുനിക ചൈനീസ് കലാ ചരിത്രത്തിലെ ആദരണീയരായ മാസ്റ്റേഴ്സ് ലി കെരാന്‍, ലി കുച്ചന്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശപ്രകാരം അദ്ദേഹം പരിശീലനം നേടി.
1963 ല്‍ ഫാന്‍ ലിന്‍ സിയുവിനെ വിവാഹം കഴിച്ചു, പക്ഷേ അഞ്ച് വര്‍ഷത്തിന് ശേഷം അവര്‍ വിവാഹമോചനം നേടി.
1971 ല്‍, വിവാഹമോചനം നേടിയ തന്റെ സഹപാഠിയായ ബിയാന്‍ ബയോഹുവയെ അദ്ദേഹം വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഉള്ള മകളാണ് ഫാന്‍ സിയാവോഹുയ്.
1993-ല്‍ ഫാനും ബിയാനും വിവാഹമോചനം നേടി, അതിനുശേഷം അദ്ദേഹം രണ്ട് മക്കളുള്ള നാന്‍ ലി എന്നറിയപ്പെടുന്ന ഷാങ് ഗുയുനെ വിവാഹം കഴിച്ചു. ഷാങ്ങിന്റെ രണ്ട് ആണ്‍മക്കളും അവരുടെ വിവാഹശേഷം ഫാനിന്റെ കുടുംബപ്പേര് സ്വീകരിച്ചു. 2021-ല്‍ ഷാങ് മരിച്ചു.
മുമ്പ് ചൈന ട്രാഫിക് ബ്രോഡ് കാസ്റ്റിംഗില്‍ അവതാരകയായി ജോലി ചെയ്തിരുന്ന സൂ, തന്റെ ജോലിക്കിടെയാണ് ഫാനെ കണ്ടുമുട്ടിയത്, പിന്നീട് അദ്ദേഹത്തിന്റെ സഹായിയാവുകയും അത് ദാമ്പത്യത്തില്‍ എത്തുകയും ചെയ്തു. സൂവിന്റെ പരിചരണവും സ്‌നേഹവും തന്നെ രോഗത്തില്‍ നിന്ന് കരകയറാന്‍ സഹായിച്ചതായി ഫാന്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഫാനിന്റെ കൃതികള്‍ അന്താരാഷ്ട്രതലത്തില്‍ പതിവായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവാദങ്ങള്‍ തുടരുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ കലാപരമായ സ്വാധീനം ഇപ്പോഴും പ്രാധാന്യമര്‍ഹിക്കുന്നു.







