ബെംഗ്ലൂരു: നെഞ്ചുവേദന അനുഭവപ്പെട്ട് അത്യാസന്നനിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവ് ശരിയായ വൈദ്യസഹായം ലഭിക്കാതെ മരണത്തിന് കീഴടങ്ങി. മെക്കാനിക്ക് ആയി ജോലി ചെയ്യുന്ന 34 കാരനായ വെങ്കിട്ടരമണനാണ് മരിച്ചത്. മൂന്ന് ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും മതിയായ ചികിത്സ നല്‍കാതെ തിരിച്ചയക്കുകയായിരുന്നുവെന്ന് ഭാര്യ രൂപ ആരോപിച്ചു.
ഡിസംബര്‍ 14 ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വെങ്കട്ടരമണന് കഠിനമായ നെഞ്ചുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. അസുഖം മൂര്‍ച്ഛിച്ചതോടെ ദമ്പതികള്‍ വൈദ്യസഹായം തേടാന്‍ തീരുമാനിച്ചു. ഓട്ടോയും ക്യാബും ലഭ്യമല്ലാത്തതിനാല്‍, ഭാര്യയോടൊപ്പം ബനശങ്കരി മൂന്നാം ഘട്ടത്തിലെ ഒരു മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് യുവാവ് തന്റെ ഇരുചക്രവാഹനത്തില്‍ പോയി.
ആശുപത്രിയില്‍ എത്തിയപ്പോള്‍, അദ്ദേഹത്തെ ചികിത്സിക്കാന്‍ ഡ്യൂട്ടി ഡോക്ടര്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. നില ഗുരുതരമായതോടെ ദമ്പതികള്‍ മറ്റൊരു ആശുപത്രിയിലേക്ക് പോയി, അവിടെ നിന്ന് ഡോക്ടര്‍മാര്‍ ഇസിജി നല്‍കി. എന്നിരുന്നാലും, വേദന ശമിപ്പിക്കാന്‍ ഭര്‍ത്താവ് ആവര്‍ത്തിച്ച് മരുന്ന് ആവശ്യപ്പെട്ടിട്ടും തുടര്‍ ചികിത്സ ആരംഭിച്ചില്ലെന്ന് രൂപ പറഞ്ഞു. പകരം, അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും പ്രത്യേക പരിചരണം ആവശ്യമാണെന്നും പറഞ്ഞ് മറ്റൊരു ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്ന് രൂപ ആരോപിച്ചു.
ഭര്‍ത്താവ് വേദന കൊണ്ട് പുളയുന്നത് കണ്ട രൂപ അദ്ദേഹത്തിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട് ഒരു കാര്‍ ക്രമീകരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ദമ്പതികള്‍ ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെ ആശുപത്രിയിലെത്തി. അവിടെയും ചികിത്സ നിഷേധിച്ചു.
തുടര്‍ന്ന് ജയദേവ ആശുപത്രിയിലേക്ക് പോകാന്‍ തീരുമാനിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ വാഹനത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് ദമ്പതികള്‍ റോഡില്‍ വീണു. വീഴ്ചയ്ക്ക് ശേഷം കുറഞ്ഞത് മൂന്ന് മിനിറ്റെങ്കിലും അദ്ദേഹം ജീവനോടെയുണ്ടായിരുന്നുവെന്ന് രൂപ പറഞ്ഞു.
‘അപകടത്തില്‍ എനിക്ക് രക്തസ്രാവമുണ്ടായിരുന്നു, ചുറ്റുമുള്ള ആളുകളോട് സഹായിക്കാന്‍ അപേക്ഷിച്ചുവെങ്കിലും ആരും സഹായിച്ചില്ല, വാഹനവും നിര്‍ത്തിയില്ല. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ സഹോദരി സ്ഥലത്തെത്തി. വൈദ്യസഹായം ഉറപ്പാക്കുന്നതുവരെ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ സഹോദരി സിപിആറിന് ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തിന്റെ നില വഷളായിക്കൊണ്ടിരുന്നു.
ഇതിനിടെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ക്യാബ് ഡ്രൈവര്‍ എത്തി ഭര്‍ത്താവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ അടിയന്തര ഷോക്ക് ചികിത്സ നല്‍കി. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് പക്ഷാഘാതം സംഭവിച്ചതായി കുടുംബത്തെ അറിയിച്ചു.
‘ആശുപത്രികള്‍ ചികിത്സ നിഷേധിച്ചു. ആംബുലന്‍സ് സേവനങ്ങള്‍ ശരിയായി പ്രതികരിച്ചില്ല, റോഡില്‍ പോലും ആരും സഹായിക്കാന്‍ മുന്നോട്ട് വന്നില്ലെന്ന് രൂപ പറയുന്നു.
മരണശേഷം രമണന്റെ കണ്ണുകള്‍ കുടുംബം ദാനം ചെയ്തു. മരണത്തിലും ഒരാള്‍ക്ക് മറ്റുള്ളവരെ സഹായിക്കാനാകുമെന്ന വിശ്വാസത്തിന് അനുസൃതമായാണ് ഈ തീരുമാനമെന്ന് രൂപ പറഞ്ഞു. രമണന് ഭാര്യയും അമ്മയും അഞ്ച് വയസ്സുള്ള ഒരു മകനും 18 മാസം പ്രായമുള്ള ഒരു മകളും ഉണ്ട്.







