കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ഉപ്പള പച്ചിലമ്പാറയില്‍ നടന്ന മുസ്ലീംലീഗ് വിജയാഹ്‌ളാദ പ്രകടനത്തിനിടെ യുവാവിനെ തടഞ്ഞുവച്ച് അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും സിമന്റ് കട്ടകൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ 5 സ്ത്രീകള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മുസ്ലീംലീഗ് പ്രവര്‍ത്തകനായ മഷ്‌കൂറി(27)ന്റെ പരാതിയിലാണ് കേസെടുത്തത്. പച്ചിലമ്പാറയിലെ സെയ്‌ല(23), അമീറ(27), ഉസ്‌ന(20), ആമിന(45) അവ്വ(45) എന്നിവര്‍ക്കതിരെയാണ് കേസെടുത്തത്. വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. അതേസമയം വോട്ടെണ്ണല്‍ ദിവസം തങ്ങളുടെ വീടാക്രമിച്ചെന്നും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചെന്നും കാണിച്ച് ഇടതുമുന്നണി സ്ഥാനാര്‍ഥിയും പരാതി നല്‍കിയിരുന്നു. എതിര്‍കക്ഷികള്‍ സ്ത്രീകളും ബന്ധുക്കളുമായതിനാല്‍ പ്രശ്‌നം പരിഹരിച്ചു തീര്‍ക്കാമെന്ന നിലപാടുമായി മുന്നോട്ട് പോയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് മഷ്‌കൂര്‍ പൊലീസിനോട് പറഞ്ഞു.







