കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുക്കാന്‍ പൊലീസ്. അതിജീവിത മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കഴിഞ്ഞദിവസം അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെ കുറിച്ചും അതിക്രമത്തെ കുറിച്ചും പരാതി പറഞ്ഞിരുന്നു.
വിഡിയോ പ്രചരിപ്പിക്കുന്നതില്‍ നടപടി വേണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. പ്രസ്തുത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നിന്നും നീക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആന്റണിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ദിലീപിന് കേസില്‍ പങ്കില്ലെന്നാണ് മാര്‍ട്ടിന്‍ വിഡിയോയില്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ മാര്‍ട്ടിന്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് പഴയ വിഡിയോ വീണ്ടും പ്രചരിക്കുന്നത്.
മാര്‍ട്ടിന്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ പുറത്തിറക്കിയ വിഡിയോയാണ് കേസിലെ വിധിക്കുശേഷം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കോടതി തള്ളിയ വാദങ്ങളാണ് വിഡിയോയിലുള്ളത്.







