കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിലെ ഇരിയണ്ണിയിലും കാനത്തൂരിലും പേപ്പട്ടിയുടെ വിളയാട്ടം. നിരവധി തെരുവു നായകള്‍ക്ക് കടിയേറ്റു.
ഇരിയണ്ണി സ്‌കൂള്‍ പരിസരത്തും ടൗണിലും ഉണ്ടായിരുന്ന 20ല്‍പ്പരം തെരുവു നായകള്‍ക്ക് കടിയേറ്റു. ഇതിനിടയില്‍ പേപ്പട്ടിയെന്നു സംശയിക്കുന്നതടക്കം നാലു നായകളെ ചത്ത നിലയില്‍ കണ്ടെത്തി. മൂന്നു നായകളുടെ ജഡത്തില്‍ മാരകമായ മുറിവുണ്ട്.
ചൊവ്വാഴ്ച രാവിലെയാണ് കാനത്തൂരില്‍ പേപ്പട്ടി ഭീതി ഉയര്‍ത്തിയത്. എവിടെ നിന്നോ എത്തിയ പേപ്പട്ടി കാനത്തൂര്‍ ഗവ. യു.പി സ്‌കൂള്‍ പരിസരത്തുള്ള 30ല്‍പ്പരം നായകളെ കടിച്ചു പരിക്കേല്‍പ്പിച്ചു. പിന്നീട് കാനത്തൂര്‍ ടൗണിലെത്തിയ പേപ്പട്ടി അവിടെ ഉണ്ടായിരുന്ന തെരുവു നായകളെയും ആക്രമിച്ചു. ചുവന്ന നിറത്തിലുള്ള നായയാണ് പരക്കെ ഓടി അക്രമം നടത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു. സംഭവം ഇരിയണ്ണിയെയും കാനത്തൂരിനെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കടിയേറ്റ നായകളെ കണ്ടെത്തി പിടികൂടിയില്ലെങ്കില്‍ ഗുരുതരമായ സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.







