തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണുകയാണ്. ആദ്യഫലം രാവിലെ 8:30 നും പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും. രണ്ടു ഘട്ടമായി നടന്ന വോട്ടെടുപ്പിൽ 21079609 വോട്ടർമാരാണ് ആകെ വോട്ട് ചെയ്തത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം പേർ വോട്ട് ചെയ്തതും ഇത്തവണയാണ്. ആദ്യഘട്ടത്തിൽ എൽഡിഎഫിന് മുന്നേറ്റം. ആറ് മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് ലീഡ്. 4 ഇടത്ത് യു.ഡി.എഫും ലീഡ് ചെയ്യുന്നു. കോർപറേഷനിൽ എൽഡിഎഫും യു.ഡി.എഫും രണ്ടിടങ്ങളിൽ ലീഡ് ചെയ്യുന്നു. പത്തനംതിട്ട നഗരസഭ മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചു. ഷൊർണൂരിൽ 3 സീറ്റുകളിൽ ബിജെപിക്ക് വിജയം. നാല് വാർഡുകൾ എണ്ണിയപ്പോഴാണ് മൂന്നു വാർഡുകളിലും ബിജെപി വിജയിച്ചത്. കാസർകോട് ബേഡഡുക്ക പഞ്ചായത്തിൽ ഒരു സീറ്റിൽ എൽഡിഎഫും മംഗൽപാടി പഞ്ചായത്തിൽ ഒരു സീറ്റിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. മടിക്കൈ ഗ്രാമപഞ്ചായത്തിൽ ഒരു സീറ്റിൽ എൽഡിഎഫും മുളിയാർ പഞ്ചായത്തിൽ ഒരു സീറ്റിൽ യുഡിഎഫും ലീഡ് ചെയ്യുന്നു. മംഗൽപാടിയിലും ഈസ്റ്റ് എളേരിയിലും ഓരോ സ്ഥാനാർത്ഥികൾ മറ്റു വിഭാഗങ്ങളിൽ നിന്ന് ലീഡ് ചെയ്യുന്നു.







