ജിദ്ദ: സാന്ത്വനം എന്ന മലയാള സിനിമയിലെ ‘ഉണ്ണി വാവാവോ’ എന്ന പാട്ടുപാടി പ്രവാസി മലയാളികളുടെ ഹൃദയം കീഴടക്കി ബോളിവുഡ് താരം ആലിയ ഭട്ട്. ജിദ്ദയില്‍ നടക്കുന്ന റെഡ് സീ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഏഴാം ദിനമാണ് ആലിയ ഭട്ട് കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആലപിച്ച ആ മനോഹരമായ പാട്ട് പാടി പ്രവാസി മലയാളികളുടെ ഹൃദയം കീഴടക്കിയത്. മകള്‍ക്ക് വേണ്ടിയാണ് താന്‍ ഈ പാട്ടു പഠിച്ചതെന്ന് ആലിയ പിന്നീട് പറഞ്ഞു.
മകള്‍ റാഹയെ നോക്കാന്‍ വരുന്ന ആയ പാടുന്ന ഈ പാട്ട് ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂര്‍ പഠിച്ചതായി ആലിയ ഒരു ടിവി ഷോയ്ക്കിടെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മകളെ ഉറക്കാന്‍ സ്ഥിരം ഉണ്ണി വാ വാ വോ എന്ന പാട്ടാണ് ആയ പാടുന്നത്. ഇടയ്ക്ക് ഞങ്ങളോട് റാഹ പറയും മാമ വാവോ, പാപ്പാ വാവോ എന്ന്. അവള്‍ക്ക് ഉറക്കം വരുന്നു എന്നുള്ളതിന്റെ സൂചനയാണത്. ഇപ്പോള്‍ ഞാനും രണ്‍ബീറും മകള്‍ക്കുവേണ്ടി ആ പാട്ടുപഠിച്ചു എന്നും ആലിയ പറഞ്ഞിരുന്നു.
ഫഹദ് മുഹമ്മദ് എന്ന പ്രവാസി മലയാളി വ് ളോഗറാണ് സമൂഹമാധ്യമത്തില്‍ ആലിയ ഉണ്ണി വാവാവോ എന്ന പാട്ട് പാടുന്ന വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തില്‍ ആലിയ ഭട്ടിനെ കൊണ്ട് മലയാളം പാട്ടായ ‘ഉണ്ണി വാവാവോ’ പാടിക്കുമെന്ന് ഫഹദും സുഹൃത്തുക്കളും പറയുന്നുണ്ട്. പിന്നീട് ചോദ്യോത്തര വേളയില്‍ ആലിയ ഇവരുടെ ആവശ്യപ്രകാരം പാട്ട് പാടുകയായിരുന്നു. സാന്ത്വനം സിനിമയിലെ ഈ പാട്ട് ഇപ്പോഴും ട്രന്‍ഡാണ്. കുഞ്ഞുങ്ങളുടെ ഇഷ്ടപ്പെട്ട താരാട്ടുപാട്ടാണ് ഇത്.
ഡിസംബര്‍ 10ന് നടന്ന പരിപാടിയില്‍ ആലിയ തന്റെ കരിയര്‍ യാത്രയെക്കുറിച്ച് തുറന്നു സംസാരിക്കുകയും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സ്‌പൈ ത്രില്ലറായ ‘ആല്‍ഫ’യെക്കുറിച്ച് ചില സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു.







