പാലക്കാട്: പട്ടാമ്പി 12-ാം വാര്‍ഡ് ബൂത്തില്‍ ലീഗ്- വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ വാക്കേറ്റം കൈയാങ്കളിയോടടുത്തു. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
വാര്‍ഡില്‍ മുസ്ലീംലീഗും വെല്‍ഫെയര്‍പാര്‍ട്ടി സ്വതന്ത്രനും തമ്മിലാണ് ശക്തമായ മത്സരം. വെല്‍ഫെയര്‍പാര്‍ട്ടി പ്രവര്‍ത്തകനും സി പി എം പിന്തുണ നല്‍കുന്നുണ്ടെന്നും ആരോപണമുണ്ട്. എന്നാല്‍ ഇതേ വാര്‍ഡില്‍ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പത്രിക നല്‍കിയിട്ടുണ്ടെന്നും അതു സി പി എമ്മിന്റെ സ്വതന്ത്രനാണെന്നും ആ പാര്‍ട്ടി അവകാശപ്പെടുന്നു. എന്നാല്‍ അത്തരമൊരു സ്ഥാനാര്‍ത്ഥി പ്രചരണ രംഗത്തോ അയാളുടെ പ്രതിനിധികള്‍ ബൂത്തിനടുത്തോ ബൂത്തിലോ ഇല്ലെന്നും മറുവിഭാഗം പറയുന്നു. ഈ തര്‍ക്കത്തിനിടയില്‍ വോട്ട് ചെയ്തു ബൂത്തില്‍ നിന്നിറങ്ങിയ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഒരു വനിതാ പ്രവര്‍ത്തകയും ക്യൂവില്‍ നിന്ന മറ്റു വനിതകളും തമ്മിലുണ്ടായ വാക്കേറ്റം ഇരുപാര്‍ട്ടികളുടെയും പുരുഷന്മാരായ പ്രവര്‍ത്തകര്‍ ഏറ്റെടുത്തതോടെയാണ് വാക്കേറ്റം കൈയാങ്കളിയോളമെത്തിയത്. ലീഗ് വിജയ പ്രതീക്ഷ പുലര്‍ത്തുന്ന വാര്‍ഡാണിത്.







