കാസര്‍കോട്: യുവതിയെ കാറില്‍ തട്ടികൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍മാരായ രണ്ടുപേര്‍ അറസ്റ്റില്‍. ഭീമനടിയില്‍ പ്രവീണ്‍ എന്ന ധനേഷ് (36), മാങ്ങോട്ടെ രാഹുല്‍ (29) എന്നിവരെയാണ് ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ അനില്‍കുമാര്‍ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേയ്ക്ക് പോകാന്‍ ഭീമനടിയില്‍ വാഹനം കാത്തു നില്‍ക്കുകയായിരുന്നു 29 കാരി. ഇതിനിടയില്‍ കാറുമായി എത്തിയ ധനേഷ് ലിഫ്റ്റ് നല്‍കാമെന്നു പറഞ്ഞ് കാറില്‍ കയറ്റി. എന്നാല്‍ യുവതിയെ ഇറക്കേണ്ട സ്ഥലത്ത് ഇറക്കാതെ വരക്കാട് ഭാഗത്തേയ്ക്ക് കാറോടിച്ചു പോയി. അമ്പാടി ബസാര്‍ ഭാഗത്ത് എത്തിയപ്പോള്‍ ബലമായി മദ്യം കുടിപ്പിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.
ഇതിനിടയില്‍ ധനേഷ് ഫോണ്‍ ചെയ്ത് രാഹുലിനെ കൂടി വിളിച്ചു വരുത്തുകയും പിന്നീട് രണ്ടുപേരും പീഡിപ്പിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ മാങ്ങോട് റോഡില്‍ ഇറക്കിവിട്ട് രണ്ടു പേരും കാറുമായി രക്ഷപ്പെടുകയായിരുന്നു. യുവതി അവശ നിലയില്‍ വീട്ടിലെത്തി വിവരം പറയുകയായിരുന്നു. വീട്ടുകാര്‍ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസെത്തി യുവതിയില്‍ നിന്നു വിശദമായ മൊഴിയെടുത്ത ശേഷമാണ് ധനേഷിനെയും രാഹുലിനെയും അറസ്റ്റു ചെയ്തത്.







