നാരായണന്‍ പേരിയ
ആസന്ന ഭാവിയില്‍ നമ്മുടെ രാജ്യത്ത് കാണാനിടയുള്ള ഒരു പരസ്യം; സ്ഥാനാര്‍ത്ഥികളെ ആവശ്യമുണ്ട്. ആഗ്രഹമുള്ളവര്‍ യോഗ്യതയും അര്‍ഹതയും തെളിയിക്കാനാവശ്യമായ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കുക.
സ്ഥാനാര്‍ത്ഥികളെക്കിട്ടാന്‍ ഇന്ത്യയില്‍ ഇത്ര ക്ഷാമമോ? സ്ഥാനാര്‍ത്ഥികളാകാന്‍ യോഗ്യതയോ? നിശ്ചിത പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് മാത്രം പോരേ? യഥാവിധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. അത് അധികാരികള്‍ പരിശോധിച്ച് അംഗീകരിച്ച് വിജ്ഞാപനം ചെയ്താല്‍ സ്ഥാനാര്‍ത്ഥിയായി. സമ്മതിദായകര്‍ വോട്ട് ചെയ്യും. ആര്‍ക്കാണോ കൂടുതല്‍ വോട്ട് കിട്ടിയത്, അയാള്‍ക്ക് പദവി. മുകളില്‍ പിടിപാടും വേണം. എം എല്‍ എയോ, എം പിയോ, മന്ത്രിയോ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണാധികാരിയോ ആകാം.
ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടോ? അത് നോക്കണം. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കാനല്ല, സ്ഥാനാര്‍ത്ഥിയാക്കാന്‍. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അതും യോഗ്യതയാണ്രേത നമ്മുടെ നാട്ടില്‍. സത്യമേവ ജയതേ! ധര്‍മ്മോസ്മല്‍കുല ദൈവതം. അഹിംസാ പരമോ ധര്‍മ്മ! -ഇതെല്ലാം പറയാന്‍ കൊള്ളാം.
ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിയെ ഉന്നത പദവിയില്‍ അവരോധിക്കാന്‍ പാടുണ്ടോ? ഇല്ല എന്ന് നിയമം അനുശാസിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന വ്യക്തികള്‍ നാട് ഭരിക്കും. ഭരിക്കപ്പെടുന്നവര്‍ക്ക് ക്രിമിനലുകളെയാണ് ഇഷ്ടം എങ്കില്‍ അംഗീകരിച്ചുകൊടുക്കണം. അല്ലാത്തപക്ഷം അവകാശ നിഷേധമാകും.
ഇന്ത്യന്‍ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്ക്കര്‍ സഭയില്‍ നടത്തിയ സമാപന പ്രസംഗത്തില്‍ പറഞ്ഞത് ഇന്ത്യയില്‍ ജനാധിപത്യം വെറും പുറം പകിട്ടായിരിക്കും. നമ്മുടെ മണ്ണ് അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധതയുടേതാണ്.
പ്രമുഖ അഭിഭാഷകനായ അഡ്വ. കാളീശ്വരം രാജ് എഴുതിയത്: ”രാഷ്ട്രത്തിന്റെ നിര്‍മ്മിതിയും നിലനില്‍പ്പും എങ്ങനെ വേണം എന്ന് തീരുമാനിക്കുന്നവരാണ് ജനപ്രതിനിധികള്‍. അവര്‍ എങ്ങനെയുള്ളവരാണ് എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. എന്നാല്‍ ഇന്ത്യയിലെ ജനപ്രതിനിധികളെക്കുറിച്ചുള്ള ചില സമീപകാല പഠനങ്ങള്‍ സുഖകരമായ സന്ദേശങ്ങളല്ല നല്‍കുന്നത്”.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 5380 സ്ഥാനാര്‍ത്ഥികളില്‍ പതിനേഴ് ശതമാനം പേര്‍ പലവിധ ക്രിമനല്‍ക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളവരാണ്. പത്തുശതമാനം സ്ഥാനാര്‍ത്ഥികള്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്തവരായി ആരോപിക്കപ്പെട്ടവരായിരുന്നു. (നിത്യാ നാഗരത്‌നത്തിന്റെ പഠനം- 30-04-2014). അവര്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലവും തിരഞ്ഞെടുപ്പുകളിലെ ഫലവും കണക്കിലെടുത്ത് പറഞ്ഞു.
”ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുക എന്നത് വിജയ സാധ്യതയില്‍ നിര്‍ണ്ണായകമാണ്. എത്രത്തോളം ക്രിമിനല്‍ക്കേസുണ്ടോ സ്വന്തം പേരില്‍, അത്രമാത്രം വിജയം ഉറപ്പ്”.
തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന കാര്യം ഇങ്ങനെ: ജയിച്ചാല്‍ മന്ത്രി പദവി. ക്രിമിനല്‍ക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് മന്ത്രി പദവിയില്‍ തുടരാന്‍ പാടുണ്ടോ?
”സുപ്രീംകോടതിയും യൂണിയന്‍ ഓഫ് ഇന്ത്യാ കേസില്‍”, ക്യാബിനറ്റുമായി ബന്ധപ്പെട്ട 75, 164 അനുച്ഛേദങ്ങള്‍ വ്യാഖ്യാനിച്ചു കൊണ്ട് ഭൂരിപക്ഷ വിധി. അത്തരക്കാര്‍ക്ക് (അതായത് ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക്) മന്ത്രിമാരായി രാജ്യം ഭരിക്കാന്‍ സാങ്കേതികമായി തടസ്സമില്ല. എന്നാല്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിന് എതിരഭിപ്രായം. ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമായിരിക്കും ക്രിമിനലുകള്‍ മന്ത്രിമാരായി തുടരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. (2014ല്‍ മനോജ് നരൂലാകേസില്‍). ഭൂരിപക്ഷ വിധിയാണല്ലോ അംഗീകരിക്കപ്പെടുക.
അപ്പീല്‍പോയാലോ? മൂന്നംഗബെഞ്ച് പരിഗണിച്ച കേസ് അഞ്ചംഗബെഞ്ചിന് വിടാം. അതാണ് കീഴ്വഴക്കം. സുപ്രീംകോടതിയുടെ ഒരു ബെഞ്ച് വിധി പറഞ്ഞു കഴിഞ്ഞാല്‍ അതിന് അന്തിമ സ്വഭാവം കൈവരണമെന്നാണ് ഭരണഘടനയുടെ 141-ാം അനുച്ഛേദം വ്യാഖ്യാനിച്ചുകൊണ്ട് ഒ ദീപാങ്കൂര്‍ മേത്ത, ജ. അഗസ്തിന്‍ ജോര്‍ജ് മസീന് ബെഞ്ച് വ്യക്തമാക്കിയത്. വിധികള്‍ മറ്റൊരു ബെഞ്ച് മറികടക്കുന്നത് പതിവായാല്‍ നീതി നിര്‍വ്വഹണത്തിന് വേണ്ടതായ സ്ഥിരത ഇല്ലാതാകുമെന്ന് നിരീക്ഷിച്ചു. നീതിയുടെ ദീപസ്തംഭമായി രാജ്യം കണക്കാക്കുന്ന പരമോന്നത കോടതിയുടെ വിധിക്ക് ഉറപ്പും തറപ്പും ഉണ്ടാകണം.
കേസുകള്‍ കോടതിയിലെത്തിയാല്‍, സമയബന്ധിതമായി പരിഗണിക്കപ്പെടുന്നില്ല. കെട്ടിക്കിടക്കുന്ന കേസുകളുടെ കണക്ക് ഭയാനകമാണ്. അശങ്കാജനകവും. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഉദ്ദേശിക്കുന്നു.തന്റെ പേരിലുള്ള കേസ് ഉടനെ തീര്‍പ്പാക്കണം എന്ന് പ്രതി കോടതി മുമ്പാകെ ബോധിപ്പിച്ചാലോ? കോടതി അംഗീകരിക്കുമോ?
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും മുമ്പ് കുറ്റാരോപിതന്‍ നിരപരാധിയാണെന്ന് കോടതി വിധിക്കേണ്ടതുണ്ടോ? അങ്ങനെ പരിശുദ്ധി തെളിയിച്ചാലേ വോട്ട് കിട്ടുകയുള്ളൂ എന്ന തെറ്റിദ്ധാരണ വേണ്ടാ. നമ്മുടെ ഇതഃപര്യന്തമുള്ള അനുഭവം അതാണ്. (നിത്യാനാഗരത്നയുടെ പഠനം ആധാരമാക്കാം).
സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥനയുമായി സമ്മതിദായകരെ സമീപിക്കുമ്പോള്‍, തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ എണ്ണം എഴുതിത്തൂക്കാം കഴുത്തില്‍! അതും മേന്മയല്ലേ?
ക്രിമിനല്‍സ് ഫസ്റ്റ് റെഫ്യൂജ് (കുറ്റവാളികളുടെ ആദ്യത്തെ അഭയസങ്കേതം).







